മുംബൈ: ആസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ടതിന് പിന്നാലെ ഫേസ്ബുക് പോസ്റ്റുമായി മലയാളി താരം സഞ്ജു സാംസൺ. താരത്തെ നിരന്തരം തഴയുന്നതിൽ സെലക്ടർമാർക്കെതിരെ ആരാധകരോഷം ഉയരുന്നതിനിടെ, ചിരി ഇമോജി മാത്രമാണ് സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതോടെ ആരാധകർ പിന്തുണയുമായി കമന്‍റ് ബോക്സിൽ നിറഞ്ഞു.
മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകുകയും പുതുമുഖങ്ങളെ വരെ ഉൾപ്പെടുത്തുകയും ചെയ്ത ടീമിൽ സമീപകാലത്ത് ഏകദിനത്തിൽ മികവ് കാട്ടിയ സഞ്ജുവിനെ ഉൾപ്പെടുത്താത്തത് എന്താണെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. ലോകകപ്പിന് മുമ്പ് മികവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് സഞ്ജുവിന് നഷ്ടമായത്.
ആസ്ട്രേലിയക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുക. ഈ മത്സരങ്ങളിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകി. തിലക് വർമയെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്‌ക്‌വാദും ഇടം നേടിയിട്ടുണ്ട്.
സെപ്റ്റംബർ 22ന് മൊഹാലിയിലും 24ന് ഇന്‍ഡോറിലും 27ന് രാജ്കോട്ടിലുമാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അരങ്ങേറുക. ആസ്ട്രേലിയയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.