‘എനിക്ക് എന്റേതായ ശക്തിയും ദൗർബല്യങ്ങളുമുണ്ട്. ഞാൻ ആരുമായും മത്സരിക്കുന്നില്ല. എന്നോട് തന്നെ മത്സരിക്കാനും രാജ്യത്തിനുവേണ്ടി കളിക്കാനും ജയിക്കാനുമാണ് എനിക്കിഷ്ടം. ഒരേ ടീമിൽതന്നെ പരസ്പരം മത്സരിക്കുന്നതൊരു ആരോഗ്യകരമായ കാര്യമല്ല’ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിലെ ചർച്ചയിൽ പറഞ്ഞ വാക്കുകളാണിത്.
ഒരു മികച്ച പ്രഫഷണൽ ക്രിക്കറ്ററുടെ ലക്ഷണമൊത്ത വാക്കുകളായി കാണണം ഇതിനെ. ഐ.പി.എൽ പകുതി ദൂരം പിന്നിട്ടപ്പോൾ മികച്ച പ്രകടനവുമായി തല ഉയർത്തി നിൽക്കുകയാണ് സഞ്ജു. സ്ഥിരതയില്ലാത്ത കളിക്കാരനെന്ന ലേബലിൽനിന്ന് ബഹുദൂരം മുന്നോട്ടുപോയ കളിക്കാരനായി സഞ്ജു വിമർശകരെപോലും വായ അടപ്പിച്ചിരിക്കുകയാണ്. എട്ട് കളികളിൽനിന്ന് 314 റൺസുമായി ടോപ് സ്കോറർ ലിസ്റ്റിൽ സഞ്ജു നാലാമതാണ്.
വിരാട് കോഹ്ലിയും ട്രാവിസ് ഹെഡും റയാൻ പരാഗും മാത്രമാണ് സഞ്ജുവിന്റെ മുന്നിലുള്ളത്. കളിച്ച കളികളിൽ മൂന്നെണ്ണത്തിലും താരം നോട്ടൗട്ടായിരുന്നു. സന്ദർഭത്തിനനുസരിച്ച് പക്വതയുള്ള കളിയാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറക്കുന്നത്. ട്വന്റി20 ലോകകപ്പ് ടീമിൽ സഞ്ജുവിന് ഇടംനൽകണമെന്ന മുറവിളിയുമായി മുൻതാരങ്ങളും രംഗത്തുവന്നിട്ടുണ്ട്.
രാജസ്ഥാൻ റോയൽസിന്റെ എക്കാലത്തെയും മികച്ച താരമായി മാറിക്കൊണ്ടിരിക്കുകയാണ് സഞ്ജു. 50ലധികം മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചുകഴിഞ്ഞു. ഈ സീസണിൽതന്നെ രാജസ്ഥാനെ ഫ്രാഞ്ചൈസിയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനായി സഞ്ജു മാറും.
തന്റെ ഐ.പി.എൽ കരിയറിൽ 4000 റൺ എന്ന നാഴികക്കല്ലും മറികടന്നിട്ടുണ്ട്. ഐ.പി.എൽ ഓൾ ടൈം ടോപ് സ്കോറർ ലിസ്റ്റിൽ 16ാം സ്ഥാനത്തും ഇന്ത്യൻ താരങ്ങളിൽ 12ാം സ്ഥാനവുമുണ്ട്. 160 മത്സരങ്ങളിൽനിന്നായി 4202 റൺസാണ് സഞ്ജുവിന്റെ ഐ.പി.എല്ലിലെ സാമ്പാദ്യം.
ഐ.പി.എല്ലിൽ 30 റൺസിന് മുകളിൽ ശരാശരിയും 138 സ്ട്രൈക് റേറ്റും താരത്തിനുണ്ട്. ഇപ്രാവശ്യം അതുക്കും മേലെയുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത്. നിലവിൽ എട്ട് കളികളിൽ ഏഴെണ്ണവും രാജസ്ഥാൻ വിജയിച്ചു കഴിഞ്ഞു. പ്ലേ ഓഫ് ഏറക്കുറെ ഉറപ്പാക്കിയ ഏക ടീമും രാജസ്ഥാൻ മാത്രമാണ്.
ഇത്തവണ രാജസ്ഥാൻ കിരീടം ചൂടാൻ സാധ്യത കൂടുതലാണ്. ടൂർണമെന്റിലെ ഏറ്റവും ഒത്തിണക്കുമുള്ള ടീമായി മാറിയിട്ടുണ്ട്. ടീമിലെ ഒരോ കളിക്കാരനും സമ്മർദമില്ലാതെയാണ് ക്യാപ്റ്റന് കീഴിൽ കളിക്കുന്നത്. ബൗളർമാർക്ക് ഫീൽഡിൽ അവരുടെ തീരുമാനങ്ങൾക്ക് സഞ്ജു വലിയ പിന്തുണയാണ് കൊടുക്കുന്നത്. സ്വന്തം നേട്ടത്തിനായല്ല ടീമിനായാണ് സഞ്ജു തന്റെ കളി കളിക്കുന്നതെന്ന് വ്യക്തമാണ്.
കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇതിന് നിരവധി ഉദാഹരണങ്ങൾ കണ്ടതാണ്. കഴിഞ്ഞ കളികളിൽ ഫോമിലേക്ക് ഉയരാതെ ബാറ്റ് വീശിയ ജയ്സ്വാളിന് സെഞ്ച്വറി അടിക്കാൻ സഞ്ജു അവസരം ഒരുക്കിയതും യഥാർഥ ക്യാപ്റ്റന്റെ പിന്തുണയായിരുന്നു.
മികച്ച ക്യാപ്റ്റൻസി പുറത്തെടുത്തിട്ടും സഞ്ജുവിന് വേണ്ടത്ര അംഗീകാരങ്ങൾ ക്രിക്കറ്റ് ലോകത്തുനിന്ന് ലഭിക്കുന്നില്ലെന്ന ആക്ഷേപം താരത്തിന്റെ ആരാധകർക്കുണ്ട്. മികച്ച ഫോമിലായതിനാൽ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
മത്സരം 08
ജയം 07
തോൽവി 01
റൺസ് 314
ശരാശരി 62.80
സ്ട്രൈക്ക് റേറ്റ് 152.42
അർധശതകം 03
ഉയർന്ന സ്കോർ 82
ബൗണ്ടറീസ് 42
2020 375 റൺസ്
2021 484 റൺസ്
2022 458 റൺസ്
2023 362 റൺസ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.