രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രേം സ്വാൻ. സഞ്ജുവിന്‍റെ ശാന്തമായ പെരുമാറ്റവും മത്സരം വായിച്ചെടുക്കാനുള്ള കഴിവും അദ്ദേഹത്തെ ഇതിഹാസ താരമായ മഹേന്ദ്ര സിങ് ധോണിയുടെ ചെറുപ്പമാണെന്ന് തോന്നിപ്പിക്കുന്നതായി സ്വാൻ പറഞ്ഞു.
ഐ.പി.എൽ 2023 സീസണിൽ 11 മത്സരങ്ങളിൽനിന്നായി 308 റൺസാണ് സഞ്ജുവിന്‍റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 154.11. രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ‘സഞ്ജുവിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് താരത്തിന്‍റെ നേതൃത്വ ഗുണവും സ്ഥിരതയുള്ള മുതിർന്ന കളിക്കാരനായി മാറിയെന്നതുമാണ്, അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് ഇതിനു പിന്നിൽ’ -സ്വാൻ പ്രതികരിച്ചു.
സഞ്ജു വളരെ ശാന്തനാണ്, ടീമിനെ നയിക്കുന്നതു കണ്ടാൽ ഇളംപ്രായക്കാരനായ എം.എസ്. ധോണിയെ പോലെ തോന്നുന്നു. അദ്ദേഹം ശാന്തത കൈവെടിയുന്നില്ല, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് താരം കൃത്യമായി മനസ്സിലാക്കുന്നു. മത്സരം മുൻകൂട്ടി വായിച്ചെടുക്കാൻ കഴിവുള്ള താരമാണ് സഞ്ജുവെന്നും സ്വാൻ കൂട്ടിച്ചേർത്തു.
ഐ.പി.എൽ സീസൺ നന്നായി തുടങ്ങിയ രാജസ്ഥാന് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ തോൽവി വഴങ്ങിയതാണ് തിരിച്ചടിയായത്. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള മൂന്നു മത്സരങ്ങളിലും ടീം ജയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.