സഞ്ജുവിന്റെ മിന്നും സെഞ്ച്വറി: ഗവാസ്കർ 'എയറി'ൽ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇടിവെട്ട് സെഞ്ച്വറിയുമായി കളംവാണ ഇന്ത്യയുടെ മലയാളി താരം സഞ്ജുസാംസന്റെ പ്രകടനത്തെ വാഴ്ത്തുന്ന തിരക്കിലാണ് ഇപ്പോൾ ആരാധകരും വിമർശകരും. ഈ പരമ്പരയിലെ മൂന്നാം മത്സരം ആരംഭിക്കും വരെ സഞ്ജുവിനെ 'കൊത്തിവലിക്കാൻ' മുന്നിൽ നിന്നവരെകൊണ്ടു വരെ എണീറ്റുനിന്ന് കൈയ്യടിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു ഹൈദരാബാദിൽ പുറത്തെടുത്തത്.

സമൂഹ്യമാധ്യമങ്ങളിൽ സഞ്ജുവിനെ വാഴ്ത്തുന്നതോടപ്പം സഞ്ജു വിമർശകരെ തിരഞ്ഞുപിടിച്ച് നേരിടുന്നുണ്ട് ആരാധകർ. അതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടുന്നത് ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഗാവാസ്കർ തന്നെയാണ്.

സ്ഥിരതായാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്ന സഞ്ജുവിനെ ഗുണദോഷിച്ചും വിമർശിച്ചും നിരന്തരം രംഗത്തുവരാറുള്ളയാളാണ് ഗവാസ്കർ. സഞ്ജു സാംസണെയും ഋഷഭ് പന്തിനെയും താരതമ്യപ്പെടുത്തി അദ്ദേഹം നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങൾ ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ഉൾപ്പെടെ വിലങ്ങുതടിയായിട്ടുണ്ട്. ബാറ്റിങ്ങിൽ മാത്രമല്ല, വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിനേക്കാൾ മികച്ചത് പന്താണെന്ന് ഗവാസ്കർ തുറന്നടിച്ചിരുന്നു.

ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസൺ ഒരു റൺസ് നേടിയത് മാത്രം ചൂണ്ടിക്കാണിച്ചായിരുന്നു പരാമർശം. തുടർന്നുണ്ടായ ഇന്ത്യയുടെ ഒരു മത്സരത്തിൽ പോലും സഞ്ജുവിനെ ഇറക്കിയിരുന്നില്ല. ഗവാസ്കറിനെ പോലുള്ളവരുടെ വിലയിരുത്തലുകൾ സഞ്ജുവിന്റെ അവസരങ്ങളെ നഷ്ടപ്പെടുത്തിയെന്ന് ആക്ഷേപം ആരാധകർക്കിടയിലുണ്ടായിരുന്നു. ഇതിനിടയിലാണ് തിരച്ചിടിക്കാൻ പാകത്തിന് ഒരു തകർപ്പൻ ഇന്നിങ്സുമായി സഞ്ജു കളംനിറഞ്ഞത്. സഞ്ജുവിനെ നിരന്തരം വിമർശിക്കുന്ന ഗവാസ്കർ ഇനി എന്ത് ചെയ്യുമെന്ന ചോദ്യമാണ് ട്രോളുകളായി സഞ്ജു ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്.

എട്ടു സിക്‌സറുകളും 11 ഫോറുകളും ഉൾപെടെ 47 പന്തിൽ 111 റൺസെടുത്ത സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് മൂന്നാം മത്സരവും ഇന്ത്യ സ്വന്തമാക്കിയത്.

ട്വന്റി 20യിൽ തന്റെ കന്നി സെഞ്ച്വറിയും ഇന്ത്യയുടെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയുമാണ് (40 പന്തിൽ 100) സഞ്ജവിേന്റത്.

തന്റെ പ്രകടനത്തിൽ വളരെ അധികം സന്തോഷവാനാണെന്നും പരാജയളേറെ നേരിട്ടതാരമാണ് താനെന്നും അത് സമ്മർദങ്ങളെ അതിജീവിക്കാൻ തന്നെ സഹായിച്ചുവെന്നും മത്സര ശേഷം സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. പിന്തുണ തന്ന് കൂടെ നിന്ന കോച്ചിനും ക്യാപ്റ്റനും നന്ദി പറയാനും സഞ്ജു മറന്നില്ല.

സഞ്ജു സാംസണും നായകൻ സൂര്യകുമാർ യാദവും (35 പന്തിൽ 75) ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 47) റിയാൻ പരാഗും (13 പന്തിൽ 34) കൂറ്റനടികളുമായി കളം നിറഞ്ഞ മത്സരത്തിൽ ഇന്ത്യ പടുത്തുയർത്തിയത് 297 റൺസെന്ന ട്വന്റി 20 ചരിത്രത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആണ്. മത്സരത്തിൽ 133 റൺസിനാണ് ഇന്ത്യയുടെ ജയം.

Tags:    
News Summary - Sanju Samson's century: Fans say answer to Sunil Gavaskar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.