അബൂദബി: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം വിവാദത്തിൽ. ബാംഗ്ലൂർ സ്പിന്നർ യൂസ്വേന്ദ്ര ചഹൽ സ്വന്തം പന്തിൽ മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കാൻ ഡൈവ് ചെയ്ത് എടുത്ത ക്യാചാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.
ഓപണർമാരായ ജോസ് ബട്ലറും സ്റ്റീവ് സ്മിത്തും എളുപ്പം മടങ്ങിയതോടെ എല്ലാ കണ്ണുകളും സഞ്ജുവിലേക്കായിരുന്നു. എന്നാൽ മൂന്ന് പന്തുകളിൽ നിന്ന് നാല് റൺസുമായി സഞ്ജു പുറത്തായി.
ചഹലിെൻറ പന്ത് ഡ്രൈവ് ചെയ്യാൻ ശ്രമിച്ച സഞ്ജുവിന് ടൈമിങ് ലഭിച്ചില്ല. ചാടി വീണ ചഹൽ പന്ത് കൈപ്പിടിയിലാക്കി. അമ്പയർമാർ ഔട്ട് വിളിച്ചെങ്കിലും അന്തിമ വിധിക്കായി മൂന്നാം അമ്പയർക്ക് നൽകി. ഫലം മാറ്റാൻ തെളിവുകൾ ഒന്നുമില്ലെന്ന് കണ്ട് മൂന്നാം അമ്പയർ ഔട്ട് വിധിച്ചതോടെ സഞ്ജു തിരികെ ഡഗ്ഔട്ടിലേക്ക് നടന്നു.
എന്നാൽ തെളിവ് സഹിതം ചില ആരാധകർ ഇത് ട്വിറ്ററിൽ ചർച്ചയാക്കി. മൂന്നാം അമ്പയർക്ക് ക്രിക്കറ്റ് നിയമങ്ങൾ അറിയില്ലെന്ന തരത്തിൽ വരെ ചിലർ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈയുടെ ഫാഫ് ഡുപ്ലെസിസിെൻറ റണ്ണൗട്ടും പിഴവാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അബൂദബിയിൽ നടന്ന മത്സരത്തിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിെൻറയും (63) ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (72*) അർധസെഞ്ച്വറികളുടെ മികവിൽ ബാംഗ്ലൂർ എട്ടുവിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ ആറുവിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു.
അഞ്ച് പന്തുകൾ ശേഷിക്കേ ബാംഗ്ലൂർ ലക്ഷ്യത്തിലെത്തി. നാലോവറിൽ 34 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചഹലാണ് കളിയിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.