നായകനായി സഞ്ജുവിന് 'മാസ് എൻട്രി'; ഇന്ത്യ 'എ'ക്ക് ഗംഭീരജയം

ചെന്നൈ: അർഹതയുണ്ടായിട്ടും ഇടംകിട്ടാതെ പോയ സീനിയർ ടീം തോറ്റുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഇന്ത്യ 'എ'യുടെ നായകവേഷത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ മാസ് എൻട്രി. ന്യൂസിലൻഡ് എക്കെതി​രായ ആദ്യ ഏകദിനത്തിൽ സഞ്ജു നയിച്ച ഇന്ത്യ എ ടീം ഏഴു വിക്കറ്റിന്റെ ഗംഭീരജയം കുറിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡുകാർ 40.2 ഓവറിൽ 167 റൺസിന് പുറത്തായപ്പോൾ 109 പന്ത് ബാക്കിയിരിക്കേ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ എ ലക്ഷ്യം കണ്ടു.

ടീമിനെ മുന്നിൽനിന്ന് നയിച്ച സഞ്ജു 32 പന്തിൽ ഒരു ഫോറും മൂന്നു കൂറ്റൻ സിക്സറുകളുമടക്കം പുറത്താകാതെ 29 റൺസെടുത്തു. രജത് പാട്ടീദാർ 41 പന്തിൽ ഏഴു ​ഫോറടക്കം 45 റൺസെടുത്ത് സഞ്ജുവിനൊപ്പം അഭേദ്യനായി നിലയുറപ്പിച്ചു. പൃഥ്വി ഷാ (24പന്തിൽ 17), ഋതുരാജ് ഗെയ്ക്ക്‍വാദ് (54 പന്തിൽ 41), രാഹുൽ ത്രിപാദി (40 പന്തിൽ 31) എന്നിവരാണ് പുറത്തായ ബാറ്റ്സ്മാന്മാർ. വിക്കറ്റിനു പിന്നിൽ രണ്ട് ക്യാച്ചുകളുമെടുത്തും സഞ്ജു തിളങ്ങി. ലോങ് ഓണിനുമുകളിലൂടെ സിക്സർ പറത്തിയാണ് സഞ്ജു ടീമിന്റെ വിജയറൺ കുറിച്ചത്.


നേരത്തേ, 8.2 ഓവറിൽ 32റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ താക്കൂറും ഏഴോവറിൽ 30 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കുൽദീപ് സെന്നുമാണ് കിവികളുടെ നടുവൊടിച്ചത്. കുൽദീപ് യാദവ് ഒരു വിക്കറ്റ് വീഴ്ത്തി. ഏ​ഴോവർ പന്തെറിഞ്ഞ് 27 റൺസ് മാത്രം വഴങ്ങിയ അതിവേഗ ബൗളർ ഉമ്രാൻ മാലികിന് വിക്കറ്റൊന്നും ലഭിച്ചില്ല.

തുടക്കത്തിൽ തുരുതുരാ വിക്കറ്റുകൾ വീണപ്പോൾ ഒരു ഘട്ടത്തിൽ എട്ടിന് 84 റൺസെന്ന നിലയിലായിരുന്നു ന്യൂസിലൻഡ് എ. പിന്നീട് എട്ടാമനായി ക്രീസിലെത്തിയ മൈക്കൽ റിപ്പൺ (104 പന്തിൽ നാലു ​ഫോറടക്കം 61) നടത്തില ചെറുത്തു നിൽപാണ് സ്കോർ 167ലെത്തിച്ചത്.

Tags:    
News Summary - Sanju Samson's first win as India A captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.