'സഞ്ജുവിനെ ഇന്ത്യയിൽ നിർത്തി, രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറാക്കി; എനിക്കൊന്നും മനസ്സിലാകുന്നില്ല', വിമർശനവുമായി ഹർഷ ഭോഗ്‍ലെ

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിച്ചതിലെ അനിശ്ചിതത്വം ചോദ്യംചെയ്ത് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. ഏകദിന ലോകകപ്പ് ഒരു വർഷം അകലെ നിൽക്കെ, അവസരം കാത്തുനിൽക്കുന്ന സഞ്ജു സാംസണെയും ഇഷാൻ കിഷനെയും പോലുള്ള സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാർക്ക് പകരം രാഹുലിനെ വിക്കറ്റ് കാക്കാൻ നിയോഗിച്ചതിനെതിരെയാണ് അദ്ദേഹം രംഗത്തുവന്നത്.

''അങ്ങനെ ഋഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും! വിക്കറ്റ് കീപ്പർമാർ അവസരം കാത്ത് പുറത്ത് നിൽക്കുമ്പോൾ കെ.എൽ. രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്കൊന്നും മനസ്സിലാകുന്നില്ല. ലോകകപ്പിൽ ‍രാഹുലിനെ വിക്കറ്റ് കീപ്പറുടെ ജോലി ഏൽപ്പിക്കുകയെന്നതാണ് ദീർഘകാല പദ്ധതിയെങ്കിൽ ഇനിയങ്ങോട്ട് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐ.പി.എൽ) രാഹുൽ തന്നെ വിക്കറ്റ് കീപ്പറുടെ ചുമതല നിർവഹിക്കണം' – എന്നിങ്ങനെയാണ് ഭോഗ്‍ലെ ട്വിറ്ററിൽ കുറിച്ചത്.

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഒന്നാം ഏകദിനത്തിന് തൊട്ടു മുമ്പാണ്, മെഡിക്കൽ ടീമുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ പന്തിനെ ടീമിൽനിന്ന് മാറ്റിയതായി ബി.സി.സി.ഐ അറിയിച്ചത്. പകരക്കാരനെ ബംഗ്ലാദേശിലേക്ക് അയക്കില്ലെന്നും ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി താരം ടീമിനൊപ്പം വീണ്ടും ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

ഫോമിലല്ലാത്ത ഋഷബ് പന്തിന് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ, പന്തിനെ പിന്തുണച്ച് താൽക്കാലിക ക്യാപ്റ്റൻ ശിഖർ ധവാൻ രംഗത്തുവന്നു. 'ഋഷഭ് പന്ത് ഇംഗ്ലണ്ടിൽ കളിക്കിറങ്ങുകയും സെഞ്ച്വറി നേടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ പിന്തുണക്കേണ്ടതായിട്ടുണ്ട്. തീരുമാനമെടുക്കും മുമ്പ് വിശാലാർഥത്തിൽ നോക്കേണ്ടതുണ്ട്. അവസരം കിട്ടുമ്പോഴെല്ലാം സഞ്ജു സാംസൺ മികച്ച പ്രകടനം കാഴ്ചവെക്കുന്നു എന്നത് നേരാണ്. പക്ഷേ മറ്റൊരു കളിക്കാരനും നന്നായി പ്രകടനം നടത്തുമ്പോൾ ചിലപ്പോഴെല്ലാം അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരും. നമുക്കെല്ലാവർക്കും പന്തിന്റെ കഴിവിനെക്കുറിച്ചറിയാം. അദ്ദേഹം ഒരു മാച്ച് വിന്നറാണ്. അതുകൊണ്ടുതന്നെ അദ്ദേഹം മികച്ച പ്രകടനം നടത്താതിരിക്കുന്ന സമയങ്ങളിൽ കൂടെനിൽക്കേണ്ടതായുണ്ട്' എന്നിങ്ങനെയായിരുന്നു ധവാന്റെ പ്രതികരണം.

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിൽ സഞ്ജു ഉൾപ്പെട്ടിരുന്നെങ്കിലും ആദ്യ മത്സരത്തിൽ മാത്രമാണ് അവസരം നൽകിയത്. അതിൽ 36 റൺസ് നേടിയിരുന്നു. ​എന്നാൽ, പിന്നീടുള്ള മത്സരങ്ങളിൽ അവസരം നൽകാതിരുന്ന മാനേജ്മെന്റിനെതിരെ വലിയ രോഷമുയർന്നിരുന്നു.

Tags:    
News Summary - 'Sanju was kept in India, Rahul was again made wicket-keeper; I don't understand anything' -Harsha Bhogle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.