ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ ഒരുമിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പേ സൗരവ് ഗാംഗുലിയെ അറിയാമായിരുന്നുവെന്ന് സചിൻ ടെണ്ടുൽകർ. ദാദയുടെ പിറന്നാളിനോടനുബന്ധിച്ച് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ കുട്ടിക്കാലത്തെ രസകരമായ സംഭവവും സചിൻ ഓർത്തെടുത്തു. ഇന്ദോറിലെ അണ്ടർ-15 ക്യാമ്പിലായിരുന്നു അത്. തങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിക്കുകയും പരസ്പരം അറിയുകയും ചെയ്തു.
ഊഷ്മള സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്. താനും പിന്നീട് ഇന്ത്യൻ താരമായി മാറി ജതിൻ പരഞ്ജ്പെയും കേദാർ ഗോഡ്‌ബോളും സൗരവിന്റെ മുറിയിൽ വെള്ളപ്പൊക്കമുണ്ടാക്കി. ഒരു ഉച്ചസമയത്ത് സൗരവ് ഉറങ്ങുകയായിരുന്നു. മൂന്നുപേരും മുറിക്കുള്ളിൽ ബക്കറ്റ് വെള്ളം ഒഴിച്ചു. സൗരവ് ഉണർന്നപ്പോൾ കാണുന്നത് സ്യൂട്ട്കേസുകൾ പൊങ്ങിക്കിടക്കുന്നതാണെന്നും സചിൻ പറഞ്ഞു.
സൗരവ് മികച്ച ക്യാപ്റ്റനായിരുന്നു. കളിക്കാർക്ക് സ്വാതന്ത്ര്യം നൽകുന്നതിനും അവർക്ക് ചില ഉത്തരവാദിത്തങ്ങൾ നൽകുന്നതിനുമിടയിൽ സന്തുലിതാവസ്ഥ നിലനിർത്താൻ അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം ചുമതലയേൽക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ഒരു പരിവർത്തന ഘട്ടത്തിലായിരുന്നു.
ഇന്ത്യയെ മുന്നോട്ട് നയിക്കാൻ വേദിയൊരുക്കുന്ന കളിക്കാരുടെ അടുത്ത കൂട്ടം ആവശ്യമായിരുന്നു. നിരവധി ലോകോത്തര കളിക്കാർക്ക് പറക്കാനും സ്വന്തം സ്ഥാനം കൊത്തിയെടുക്കാനും ചിറകുകൾ നൽകിയിട്ടുണ്ടെന്നും താൻ ക്യാപ്റ്റനായിരിക്കെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് സൗരവിന്റെ പേരാണ് നിർദേശിച്ചതെന്നും സചിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.