തിരുവനന്തപുരം: നേരിടുന്ന ആദ്യ പന്തുതന്നെ ഗാലറിയിലേക്ക് പറത്താൻ കരുത്തും ശേഷിയുമുള്ള ചുരുക്കം ചില ഇന്ത്യൻ ബാറ്റർമാരിൽ ഒരാളാണ് സഞ്ജു വി സാംസൺ. അയാൾക്കുവേണ്ടി നാളിതുവരെ ആരും പട്ടുമെത്തവിരിച്ചിട്ടില്ല. കുട്ടിക്കാലത്ത് സഞ്ജുവിനെയും കൊണ്ട് ഡൽഹി പൊലീസിലെ കോൺസ്റ്റബിളായിരുന്ന പിതാവ് സാംസൺ വിശ്വനാഥ് പോകാത്ത സെലക്ഷൻ ട്രയൽസില്ല, മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. ഒടുവിൽ ഉത്തരേന്ത്യക്കാർ അടക്കിവാഴുന്ന ക്രിക്കറ്റ് ലോകത്ത് മലയാളിക്കിടമില്ലെന്ന് മനസ്സിലാക്കിയാണ് അയാൾ പൊലീസ് ജോലി ഉപേക്ഷിച്ച് സഞ്ജുവുമായി തിരുവനന്തപുരത്തെത്തുന്നത്. ഡൽഹി ക്രിക്കറ്റർമാർ തഴഞ്ഞ ആ കൊച്ചുമിടുക്കൻ കേരള അണ്ടർ 13 ടീമിൽ ഇടംപിടിക്കുന്നു. അവിടെ നിന്നാണ് സഞ്ജുവെന്ന വിരാട് കോഹ്ലി വിശേഷിപ്പിച്ച ഫിയർലെസ് ക്രിക്കറ്ററുടെ വളർച്ച.
ഐ.പി.എല്ലിലെ പ്രകടനങ്ങൾ ഒരുവിഭാഗം താരങ്ങൾക്ക് മാത്രം ഇന്ത്യൻ ടീമിലേക്കുള്ള വാതിലായപ്പോൾ പ്രധാന താരങ്ങൾ മാറിനിന്ന ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിച്ച താരമായിരുന്നു സഞ്ജു. രാജസ്ഥാൻ റോയൽസിപ്പോലൊരു ഐ.പി.എൽ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോഴും ഇന്ത്യൻ ടീം അയാൾക്ക് വലപ്പോഴും ചെന്നുകയറാവുന്ന രണ്ടാനച്ഛന്റെ വീടായിരുന്നു. ഫോമിന്റെ പരകോടിയിലുള്ളപ്പോഴും സ്വന്തം നാട്ടുകാരുടെ മുന്നിൽ വെള്ളംചുമന്ന് ഓടേണ്ടിവന്നിട്ടുണ്ട് ഈ വിഴിഞ്ഞത്തുകാരന്‍. വിദേശപരമ്പരകളിൽ ടീമിലെടുത്തിട്ടും അവസരം ലഭിക്കാതെയാകുമ്പോൾ ടാക്സി വാടകക്കെടുത്ത് ആ നാട് ചുറ്റിക്കാണാൻ പോകുന്നതിനെക്കുറിച്ച് സങ്കടമുള്ളിലാക്കി ചിരിച്ചുകൊണ്ട് സഞ്ജു പറഞ്ഞിട്ടുണ്ട്. ഒടുവില്‍ ഇപ്പോഴിതാ തനിക്കുവേണ്ടി ശബ്ദമുയര്‍ത്താറുള്ള ഒരുകൂട്ടം ആരാധകര്‍ക്കു വേണ്ടി അയാളുടെ ബാറ്റില്‍ നിന്ന് ആ സെഞ്ച്വറി പിറന്നിരിക്കുന്നു. എട്ടുവര്‍ഷം പ്രായമായ രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ച്വറി. തനിക്കുമുന്നില്‍ അടഞ്ഞുതുടങ്ങിയ ഇന്ത്യന്‍ ടീമിന്റെ വാതില്‍ ഉച്ചത്തില്‍ ഒന്ന് തള്ളിത്തുറക്കാന്‍ കനത്തിൽ തന്റെ വിമർശകരുടെപ്പോലും വായടപ്പിക്കുന്ന കലക്കൻ സെഞ്ച്വറി.
കാണുന്ന പന്തുകളെല്ലാം അടിച്ചുപറത്തുകയെന്ന നിലപാടിൽ നിന്ന് വ്യത്യസ്തമായി ശ്രദ്ധയോടെയാണ് സഞ്ജു ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിങ് തുടങ്ങിയത്. ഒരുപക്ഷേ, ആഭ്യന്തര ക്രിക്കറ്റിൽപോലും കേരളത്തിനായി സഞ്ജു ഇത്രയും ക്ഷമയോടെ പന്തുകളെ നേരിട്ടിട്ടുണ്ടാകില്ല. ബാറ്റിങ് ദുഷ്കരമായ, വലിയ ബൗണ്ടറികളുള്ള ഗ്രൗണ്ടിൽ ആദ്യം ക്യാപ്റ്റൻ രാഹുലിനൊപ്പം ചേർന്ന് മൂന്നാം വിക്കറ്റില്‍ 52 റണ്‍സിന്റെ കൂട്ടുകെട്ട്. പിന്നാലെ, തിലക് വര്‍മക്കൊപ്പം 116 റണ്‍സിന്റെ നിര്‍ണായക സഖ്യം. തിലക് സ്കോറിങ് റേറ്റില്‍ പിന്നാക്കം പോയിട്ടും സഞ്ജു ഒരു റിസ്ക് ഷോട്ടിനു പോലും മുതിര്‍ന്നില്ല. ഷോട്ടുകളെക്കാള്‍ പ്ലേസ്മെന്റിന് പ്രാമുഖ്യം നല്കിയ ഇന്നിങ്സ്. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും സ്കോര്‍ ഉയര്‍ത്തുക എന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. ‘വെല്‍ ക്രാഫ്റ്റഡ് റണ്‍സ്' എന്നായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സിനെ ദക്ഷിണാഫ്രിക്കൻ മുൻ ഫാസ്റ്റ് ബൗളറും കമന്റേറ്ററുമായ ഷോൺ പൊള്ളോക്ക് വിശേപ്പിച്ചത്.
ഈ സെഞ്ച്വറി പിറന്നില്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീം എന്ന സ്വപ്നം ഒരു പക്ഷേ, അയാൾക്ക് ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. ബി.സി.സി.സിഐയുടെ ഭാവി പദ്ധതികളിലൊന്നിലും സഞ്ജു കാണില്ലായിരുന്നു. നിങ്ങൾ എഴുതിത്തള്ളാൻ ശ്രമിക്കുമ്പോഴൊക്കെ അയാൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. വീഴുമ്പോഴെല്ലാം കുരിശിൽ തറക്കാൻ കാത്തിരുന്നവർക്കുള്ള മറുപടിയായിരുന്നു നീല ജേഴ്സിയിലെ ആ സെഞ്ച്വറി, ഒപ്പം മസിൽ പെരുപ്പിച്ചുള്ള ആഘോഷവും.
പാൾ (ദക്ഷിണാഫ്രിക്ക): കഴിഞ്ഞ മൂന്നു നാലു മാസങ്ങൾ മാനസികമായി വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും സ്വയം പ്രയത്നത്തിലൂടെ സെഞ്ച്വറി നേടി തിരിച്ചുവരുകയുമായിരുന്നുവെന്നും വ്യാഴാഴ്ച 108 റൺസുമായി ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ. ഇന്ത്യയെ പരമ്പര സ്വന്തമാക്കാൻ സഹായിച്ച സഞ്ജു ലോകകപ്പ് ടീമിൽനിന്ന് പുറത്തായതടക്കമാണ് തന്റെ പ്രതികരണത്തിൽ സൂചിപ്പിച്ചത്. 13 ഏകദിന ഇന്നിങ്സുകളിൽനിന്ന് 104 എന്ന ഗംഭീര സ്ട്രൈക് റേറ്റുമായി 55.7 ശരാശരിയുള്ള ഈ ബാറ്ററെ ലോകകപ്പ് ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരെപ്പോലുള്ളവർ ടീമിലെത്തിയിട്ടും സഞ്ജുവിന്റെ പ്രകടനം സെലക്ടർമാർ പരിഗണിച്ചിരുന്നില്ല. ലോകകപ്പ് കാലഘട്ടമടക്കമാണ് സഞ്ജു പ്രതികരണത്തിൽ സൂചിപ്പിച്ചത്. ഏഷ്യൻ ഗെയിംസിനുള്ള ടീമിൽപോലും ഉൾപ്പെടുത്താതെ ഈ ബാറ്ററെ മേലാളന്മാർ തീർത്തും അവഗണിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്നു നാലു മാസങ്ങൾ മാനസികമായി വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് 78 റൺസിന്റെ വിജയത്തിന് ശേഷം കളിയിലെ കേമനുള്ള പുരസ്കാരം വാങ്ങിയ ശേഷം സഞ്ജു പറഞ്ഞു. വെല്ലുവിളികൾ പിന്നിട്ട് ഇവിടെയെത്തി സെഞ്ച്വറി കുറിച്ചതിൽ ശരിക്കും സന്തോഷവും നന്ദിയും തോന്നുന്നുവെന്നും മലയാളി താരം അഭിപ്രായപ്പെട്ടു.
പാരമ്പര്യത്താൽ അനുഗ്രഹിക്കപ്പെട്ടയാളാണ് താനെന്നും സഞ്ജു പറഞ്ഞു. പിതാവും കായികതാരമാണ്. എത്രത്തോളം തിരിച്ചടികൾ ഉണ്ടായാൽ സ്വയം പ്രയത്നത്തിലൂടെയല്ലാതെ തിരിച്ചുവരാൻ മറ്റ് വഴികളില്ലെന്ന് കരുതുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. .
സത്യസന്ധമായി പറഞ്ഞാൽ, ഞാൻ സ്കോർകാർഡ് നോക്കാതെയാണ് കളിച്ചത്. തിലക് വർമക്കൊപ്പം ക്രീസിലുള്ളപ്പോൾ നാലോ അഞ്ചോ മികച്ച ഓവറുകൾ ദക്ഷിണാഫ്രിക്ക ബൗൾ ചെയ്തു. റൺസ് ഉയർത്തേണ്ടതുണ്ടെന്ന് കണ്ട് പിന്നീട് റിസ്കുള്ള ഷോട്ടുകളും കളിക്കാൻ തീരുമാനിച്ചു. ഈ സമയത്ത് ശാന്തനായി ബാറ്റ് ചെയ്യാൻ കഴിഞ്ഞു. ടീമിലെ ജൂനിയർ താരങ്ങൾ നന്നായി കളിക്കുന്നുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.