റിങ്കു സിങ്ങിനെ ട്വന്റി 20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനെ പിന്തുണച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ സഹഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാൻ. ബി.സി.സി.ഐ യു.എസിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് ഷാരൂഖിന്റെ പ്രതികരണം.
ഐ.പി.എൽ 2023ൽ ഗുജറാത്ത് ടൈറ്റനെതിരായ മത്സരത്തിൽ തുടർച്ചയായി അഞ്ച് സിക്സുകളടിച്ച് റിങ്കു സിങ് സെലക്ടർമാരുടെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ സീസണിൽ 473 റൺസുമായി മികച്ച പ്രകടനം നടത്താനും റിങ്കുവിന് കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച റിങ്കു 176 സ്ട്രൈക്ക് റേറ്റോടെ മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.
റിങ്കുവിനെ പോലുള്ള മികച്ച താരങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കുന്നുണ്ട്. റിങ്കു ലോകകപ്പ് ടീമിൽ കളിക്കുന്നത് കാണാൻ താൻ കാത്തിരിക്കുകയാണ്. മറ്റ് യുവതാരങ്ങളും ടീമിൽ വേണമെന്നും ഷാരൂഖ് പറഞ്ഞു. ചില യുവതാരങ്ങൾ ടീമിൽ കളിക്കാൻ അർഹരാണ്. എന്നാൽ, റിങ്കുവിന് ടീമിൽ ഇടംകിട്ടിയാൽ താൻ വളരെയധികം സന്തോഷവാനായിരിക്കുമെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
കൊൽക്കത്തയുടെ താരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്. ഞാനും ഒരു കായികതാരമായാണ് ഇപ്പോൾ ജീവിക്കുന്നത്. റിങ്കുവും നിതീഷ് റാണയും കളിക്കുന്നത് കാണുമ്പോൾ എനിക്ക് അവരിൽ എന്നെ തന്നെ കാണാൻ കഴിയുന്നുണ്ടെന്നും ഷാരുഖ് പറഞ്ഞു.
എൽ.പി.ജി സിലിണ്ടർ വിതരണം ചെയ്യുന്നയാളുടെ മകനായ റിങ്കു കഠിനാധ്വാനത്തിലുടെയാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചത്. എന്നാൽ, ഈ ഐ.പി.എൽ സീസണിൽ കൊൽക്കത്തക്കായി ഫിൽ സാൾട്ടും സുനിൽ നരേയ്നും മികച്ച പ്രകടനം തുടരുന്നതിനാൽ കാര്യമായ അവസരങ്ങൾ റിങ്കുവിന് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.