ആദ്യം അവൻ ബാറ്റു തകർത്തു; അടുത്ത പന്തിൽ വിക്കറ്റും- പിച്ചിൽ കനൽ കോരിയിട്ട് ഷഹീൻ അഫ്രീദിയുടെ തിരിച്ചുവരവ്- വിഡിയോ

മുമ്പ് ശുഐബ് അഖ്തറെന്ന അതിവേഗക്കാരൻ പന്തെറിയാനെത്തുന്ന കാലത്തെ ഓർമിപ്പിക്കുന്നതാണ് പാകിസ്താൻ പേസ് സെൻസേഷൻ ഷഹീൻ അ​ഫ്രീദിയെന്ന ഇളമുറക്കാരന്റെ പ്രകടനം. പാക് ബൗളിങ്ങിൽ ഇരട്ട എഞ്ചിനായി പ്രവർത്തിക്കുന്ന താരം പരിക്കു മാറി തിരിച്ചെത്തിയ കളിയിലെ പ്രകടനമാണ് ശ്രദ്ധേയമായത്. പാകിസ്താൻ സൂപർ ലീഗിൽ ലാഹോർ ഖലന്ദേഴ്സും പെഷാവർ സൽമിയും തമ്മിലായിരുന്നു വാശിയേറിയ പോരാട്ടം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പെഷാവറിനെതിരെ ലാഹോർ ടീമിനായി ആദ്യ ഓവർ എറിയാനെത്തുമ്പോൾ ബാറ്റു പിടിച്ചുണ്ടായിരുന്നത് മുഹമ്മദ് ഹാരിസ്. അതിവേഗത്തിലെത്തിയ ആദ്യ പന്ത് തടുത്തിട്ട ഹാരിസ് പക്ഷേ, തന്റെ ബാറ്റു കണ്ട് ഞെട്ടി. പന്തുകൊണ്ട ബാറ്റ് രണ്ടായി മുറിഞ്ഞ് ഒരുഭാഗം തെറിച്ചുപോയിരിക്കുന്നു. പുതിയ ബാറ്റ് എത്തിച്ച് അടുത്ത പന്തു നേരിട്ട ഹാരിസിന് പിന്നെയും പിഴച്ചു. ഇത്തവണ പന്ത് ബാറ്റിൽ തട്ടുന്നതിന് പകരം ഒരു കുറ്റിയാണ് തെറിപ്പിച്ചത്.

കളിയിലുടനീളം മാരകമായി ബൗൾ ചെയ്ത ഷഹീന്റെ മൂന്നാം ഓവറിൽ ബാബർ അഅ്സമും മടങ്ങി. ഏഴു റൺസിൽ നിൽക്കെയായിരുന്നു പാക് ബാറ്റിങ്ങിന്റെ നട്ടെല്ലായ ബാബറുടെ മടക്കം. ബാബറും ഷഹീനും തമ്മിലെ പോര് എന്ന നിലക്ക് ശ്ര​ദ്ധിക്കപ്പെട്ട മത്സരത്തിലായിരുന്നു ഷഹീൻ അഫ്രീദിയുടെ മാസ്മരിക പ്രകടനം.

നേരത്തെ 241 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ ലാഹോർ ടീം എതിരാളികളെ വാഴാൻ വിടാതെ കളി പിടിക്കുകയും ആധികാരികമായി ജയം സ്വന്തമാക്കുകയും ചെയ്തു. ലാഹോറിനായി 45ൽ 96 റൺസടിച്ച് ഫഖർ സമാനായിരുന്നു ടോപ് സ്കോറർ. 

Tags:    
News Summary - Shaheen Afridi Breaks Bat, Shatters Stumps On First Two Deliveries Of Innings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.