ഷഹീൻ അ​ഫ്രീദി, ബാബർ അസം

ഷഹീൻ അ​ഫ്രീദിയെ പുറത്താക്കി; ബാബർ അസം വീണ്ടും പാകിസ്താൻ നായകൻ

കറാച്ചി: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകനായി വീണ്ടും ബാബർ അസമിനെ നിയമിച്ചു. നാല് മാസം മുമ്പ് നിയമിതനായ ഷഹീൻ അഫ്രീദിയെ മാറ്റിയാണ് വീണ്ടും ബാബറിനെ സെലക്ഷന്‍ കമ്മിറ്റി ദൗത്യമേൽപിക്കുന്നത്. ജൂണില്‍ യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായാണ് നായകമാറ്റം. ഏകദിന, ട്വന്റി 20 ടീമുകളെയാകും ബാബർ നയിക്കുക. ടെസ്റ്റിൽ ഷാൻ മസൂദ് തുടരും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് ബാബര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ഷഹീന്‍ അഫ്രീദിയെ ഏകദിന, ട്വന്റി ടീമിന്‍റെയും ഷാന്‍ മസൂദിനെ ടെസ്റ്റ് ടീമിന്‍റെയും നായകനായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍, ഷഹീന്‍ അഫ്രീദിക്ക് കീഴില്‍ ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ പാകിസ്താന്‍ 1-4ന് ദയനീയമായി തോറ്റതിന് പിന്നാലെയാണ് ക്യാപ്റ്റനായി ബാബറിനെ തിരികെ കൊണ്ടുവന്നത്. പാകിസ്താൻ സൂപ്പർ ലീഗിൽ അഫ്രീദി നയിച്ച ലാഹോർ ഖലാണ്ടേഴ്സ് ഒറ്റ വിജയം മാത്രം നേടി പോയന്റ് പട്ടികയിൽ ഏറ്റവും അവസാനം ഫിനിഷ് ചെയ്തതും നായകനെ മാറ്റുന്നതിന് ക്രിക്കറ്റ് ബോർഡിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

ഏപ്രില്‍ 18 മുതല്‍ 27 വരെ ന്യൂസിലന്‍ഡുമായി നാട്ടില്‍ അഞ്ച് ട്വന്റി 20കളടങ്ങിയ പരമ്പരയും ഇംഗ്ലണ്ടിനെതിരെ നാല് എവേ മത്സരങ്ങളും പാകിസ്താന്‍ കളിക്കുന്നുണ്ട്. ഇതിൽ ബാബറിന്റെ നേതൃത്വത്തിലാകും ടീം ഇറങ്ങുക. 71 മത്സരങ്ങളില്‍ പാകിസ്താനെ നയിച്ച ബാബര്‍ 42 വിജയം നേടിയിട്ടുണ്ട്. ട്വന്റി 20 ലോകകപ്പിൽ ജൂൺ ആറിന് ആതിഥേയരായ യു.എസ്.എയുമായാണ് പാകിസ്താന്റെ ആദ്യ മത്സരം. 

Tags:    
News Summary - Shaheen Afridi dismissed; Babar Azam is Pakistan's captain again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.