പാകിസ്താൻ യുവ പേസർ ഷഹീൻ അഫ്രീദിയും മുൻ നായകൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും തമ്മിലുള്ള വിവാഹം ശനിയാഴ്ചയാണ് നടന്നത്. കറാച്ചിയിൽ നടന്ന സ്വകാര്യ ചടങ്ങിൽ പാക് നായകൻ ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
വിവാഹ ചടങ്ങിന്‍റെ നിരവധി ചിത്രങ്ങളും വിഡിയോകളും പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. എന്നാൽ, തങ്ങളുടെ നിരന്തരമായ അഭ്യർഥനക്കിടയിലും വിവാഹ ചിത്രങ്ങൾ പരസ്യമാക്കിയതിൽ ഷഹീൻ അഫ്രീദിയും കുടുംബാംഗങ്ങളും അതൃപ്തരാണ്.
ഷഹീൻ തന്‍റെ നീരസം ട്വിറ്ററിൽ പരസ്യമാക്കുകയും ചെയ്തു. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചവർ തന്‍റെയും ഭാര്യയുടെയും കുടുംബത്തിന്‍റെയും സ്വകാര്യത ഹനിച്ചതായി താരം പറയുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. അതിഥികളോട് ചിത്രങ്ങൾ എടുക്കരുതെന്നും ദയവായി മൊബൈൽ ഫോണുകൾ ഓഫാക്കണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടിരുന്നു.
‘നിരവധി തവണ ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഞങ്ങളുടെ സ്വകാര്യതയെ ഹനിച്ചു, ഒരു കുറ്റബോധവും തോന്നാതെ ആളുകൾ ചിത്രങ്ങൾ പങ്കുവെക്കുന്നത് നിരാശയുണ്ടാക്കുന്നു. ഈ അവസരത്തിൽ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും ഞങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളുടെ സന്തോഷം കെടുത്തരുതെന്നും എല്ലാവരോടും വിനീതമായി അപേക്ഷിക്കുന്നു’ -ഷഹീൻ ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഷഹീൻ അഫ്രീദിയും അൻഷയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയിരുന്നു. പാക് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരിക്കേറ്റ അഫ്രീദി, പാകിസ്താൻ സൂപ്പർ ലീഗിനു മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
ഫെബ്രുവരി പതിമൂന്നിനാണ് പാകിസ്താൻ സൂപ്പര്‍ ലീഗിന്റെ എട്ടാം പതിപ്പിനു തുടക്കമാകുന്നത്. ലാഹോർ ടീമിന്റെ ക്യാപ്റ്റനാണ് ഷഹീൻ അഫ്രീദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.