എതിർ താരത്തെ പരിക്കേൽപിച്ച് ഷഹീൻ അഫ്രീദിയുടെ 'മാരക' തിരിച്ചുവരവ്

ഗാബ: പരിക്ക് മൂലം ഏഷ്യാകപ്പ് നഷ്ടമായ പാകിസ്താൻ അതിവേഗ ബൗളർ ഷഹീൻ അഫ്രീദിയുടെ 'മാരക' തിരിച്ചുവരവ്. അഫ്ഗാനിസ്താനെതിരായ സന്നാഹ മത്സരത്തിൽ എതിർ ടീം ഓപണര്‍ റഹ്‌മാനുല്ല ഗുര്‍ബാസിന്റെ കാലിൽ പരിക്കേൽപിച്ചാണ് ഇടംകൈയൻ ബൗളർ മടങ്ങിവരവ് അറിയിച്ചത്.

മത്സരത്തിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. അഫ്രീദിയുടെ അതിവേഗത്തില്‍ വന്ന യോര്‍ക്കര്‍ നേരിടുന്നതില്‍ ഗുര്‍ബാസിന് പിഴച്ചു. പന്ത് പതിച്ചത് കണങ്കാലിൽ. പാക് താരങ്ങളുടെ അപ്പീൽ ഉയർന്നയുടൻ അമ്പയര്‍ എല്‍.ബി.ഡബ്ല്യു വിളിക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ ഗുര്‍ബാസിനെ സഹതാരങ്ങള്‍ ചേര്‍ന്നാണ് ഗ്രൗണ്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന് തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മത്സരത്തിൽ നാലോവർ എറിഞ്ഞ അഫ്രീദി രണ്ട് വിക്കറ്റും വീഴ്ത്തി. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ താരം പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് നേടിയത്. 51 റൺസ് നേടിയ നായകൻ മുഹമ്മദ് നബിയാണ് ടോപ് സ്‌കോറർ. ഇബ്രാഹിം സദ്‌റാൻ 35 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 2.2 ഓവറിൽ 19 റൺസിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Shaheen Afridi's 'fatal' comeback after injuring the opponent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.