മുംബൈ: ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ആസ്ട്രേലിയ. പരമ്പരയിലെ ഒന്നാം ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 35.4 ഓവറിൽ 188 റൺസിന് പുറത്തായി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വീതവും രവീന്ദ്ര ജദേജ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി. 81 റൺസെടുത്ത ഓപണർ മിച്ചൽ മാർഷ് ആണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. ഒരു ഘട്ടത്തിൽ 19.4 ഓവറിൽ മൂന്നിന് 129 എന്ന ശക്തമായ നിലയിൽനിന്നാണ് 200 പോലും കടക്കാനാവാതെ ഓസീസ് ബാറ്റർമാർ ക്രീസ് വിട്ടത്.
അഞ്ച് റൺസെടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റാണ് ആസ്ട്രേലിയക്ക് ആദ്യം നഷ്ടമായത്. താരത്തിന്റെ സ്റ്റമ്പ് പേസർ മുഹമ്മദ് സിറാജ് തെറിപ്പിക്കുകയായിരുന്നു. എന്നാൽ, സഹ ഓപണർ മിച്ചൽ മാർഷ് ധീരമായി ഇന്ത്യൻ ബൗളർമാരെ നേരിട്ടു. 65 പന്തിൽ അഞ്ച് സിക്സും പത്ത് ഫോറുമടക്കം 81 റൺസെടുത്ത മാർഷിനെ ജദേജയുടെ പന്തിൽ മുഹമ്മദ് സിറാജ് പിടികൂടിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. 30 പന്തിൽ 22 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ രാഹുലും മടക്കി. മാർനസ് ലബൂഷെയ്ൻ (15), ജോഷ് ഇംഗ്ലിസ് (26), കാമറൂൺ ഗ്രീൻ (12), െഗ്ലൻ മാക്സ് വെൽ (എട്ട്), മാർകസ് സ്റ്റോയിനിസ് (അഞ്ച്), സീൻ അബ്ബോട്ട് (പൂജ്യം) ആദം സാംബ (പൂജ്യം) മിച്ചൽ സ്റ്റാർക് (പുറത്താവാതെ നാല്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.
ഇന്ത്യൻ നിരയിൽ ആറോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് പേരെ മടക്കിയ മുഹമ്മദ് ഷമിയാണ് കൂടുതൽ തിളങ്ങിയത്. സിറാജ് 5.4 ഓവറിൽ 29 റൺസ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.