ഷാർദുൽ താക്കൂറിന് നാണക്കേടിന്റെ റെക്കോർഡ് ചാർത്തിക്കൊടുത്ത് കേരള ബാറ്റർമാർ! നാലോവറിൽ അടിച്ചുകൂട്ടിയത് 69 റൺസ്!

ഹൈദരാബാദ്: ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയായിരുന്ന ഷാർദുൽ താക്കൂറിനെ അടിച്ചുപരത്തി കേരള ബാറ്റർമാരായ സൽമാൻ നിസാറും രോഹൻ കുന്നുമ്മലും. ദേശീയ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കരുത്തരായ മുംബൈയെ കേരളം 43 റൺസിന് കൊമ്പുകുത്തിച്ച കളിയിലാണ് ഇരുവരും ഷാർദുലിനെ തച്ചുതകർത്തത്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരള നിരയിൽ നാലാം പന്തിൽ സഞ്ജു സാംസണിനെ (നാല്) പുറത്താക്കി തകർപ്പൻ ആത്മവിശ്വാസത്തോടെ തുടങ്ങിയ ഷാർദുലിന് പിന്നീട് നിലംതൊടാനായില്ല. അവസാന ഓവറിൽ നിസാർ ആഞ്ഞടിച്ചപ്പോൾ ഷാർദുലിന്റെ എല്ലാ പ്രതിരോധവും നിർവീര്യമാവുകയായിരുന്നു. ഒടുവിൽ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറെന്ന റെക്കോർഡിനൊപ്പമെത്തുകയായിരുന്നു ഷാർദുൽ. നാലോവറിൽ 69 റൺസാണ് മുംബൈ ബൗളർ വിട്ടുകൊടുത്തത്. ഓവറിൽ ശരാശരി 17.25 റൺസ്! 69 റൺസ് വഴങ്ങിയ രമേഷ് രാഹുലിന്റെ ‘റെക്കോർഡി’നൊപ്പമാണ് ഷാർദുൽ ഇടംപിടിച്ചത്. 

ഐ.പി.എല്ലിൽ ഇക്കുറി ഷാർദുലിനെ ഒരു ടീമും ലേലത്തെിനെടുത്തിരുന്നില്ല. ഈ നിരാശയോടെ കേരളത്തിനെതിരെ കളത്തിലിറങ്ങിയ ഷാർദുലി​ന്റെ തുടക്കം നന്നായിരുന്നെങ്കിലും പിന്നീട് അടികിട്ടിയതോടെ എല്ലാം പാളി. അവസാന ഓവറിൽ നിസാർ അടിച്ചുവിട്ട മൂന്നു കൂറ്റൻ സിക്സറുകൾ ഉൾപ്പെടെ 28 റൺസാണ് ഷാർദുൽ വഴങ്ങിയത്. അവസാന രണ്ടു പന്തുകളും അതിർവരക്ക് മുകളിലൂടെ പറന്നു. മുംബൈക്കുവേണ്ടി ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമെന്ന ‘റെ​ക്കോർഡും’ ഷാർദുലിന് കേരളം ചാർത്തിക്കൊടുത്തു. 

ഷാർദുലിനെതിരെ സൽമാൻ നിസാർ എട്ടു പന്തിൽ 28 റൺസെടുത്തപ്പോൾ രോഹൻ 10 പന്തിൽ 28 റൺസ് അടിച്ചു. അസ്ഹറുദ്ദീൻ രണ്ടു പന്തിൽ അഞ്ചും സഞ്ജു നാലു പന്തിൽ നാലും റൺസ് നേടി. 

131 റൺസിന്റെ ഗംഭീര കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹൻ-നിസാർ സഖ്യം കേളികേട്ട മുംബൈ ബൗളിങ്ങിനെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. ആക്രമാണാത്മക ബാറ്റിങ്ങിന്റെ ആവേശം പകർന്നു നൽകിയ ഇന്നിങ്സിൽ സൽമാൻ നിസാർ അഞ്ചു ഫോറും എട്ടു പടുകൂറ്റൻ സിക്സുമുതിർത്തപ്പോൾ രോഹന്റെ ബാറ്റിൽനിന്ന് ലക്ഷണമൊത്ത അഞ്ചു ഫോറും ഏഴു സിക്സും പിറവിയെടുത്തു.

ആദ്യം ബാറ്റുചെയ്ത കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ മുംബൈയുടെ മറുപടി ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 191 റൺസിലൊതുങ്ങി. സൽമാൻ നിസാറും (49 പന്തിൽ പുറത്താകാതെ 99) രോഹൻ കുന്നുമ്മലും (48 പന്തിൽ 87) ആണ് കേരളത്തിനുവേണ്ടി തകർത്തടിച്ചത്. നാലു വിക്കറ്റെടുത്ത എം.ഡി. നിധീഷിന്റെ നേതൃത്വത്തിൽ ബൗളർമാരും അവസരത്തിനൊത്തുയർന്നപ്പോൾ മുംബൈ ആയുധംവെച്ച് കീഴടങ്ങുകയായിരുന്നു. 35 പന്തിൽ അഞ്ചു ഫോറും നാലു സിക്സുമടക്കം 68 റൺസെടുത്ത അജിൻക്യ രഹാനെയാണ് മുംബൈയുടെ ടോപ് സ്കോറർ. 

Tags:    
News Summary - Shardul Thakur sets unwanted record in Syed Mushtaq Ali Trophy Against Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.