റാവൽപിണ്ടി: വിരമിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിങ് ധോണിയോട് ട്വൻറി 20 ലോകകപ്പിൽ കളിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണമെന്ന് പാകിസ്താൻ മുൻ പേസർ ശുഐബ് അക്തർ. ഈ വർഷം ആസ്ട്രേലിയയിൽ നടക്കേണ്ട ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ചിരുന്നു. അടുത്തവർഷത്തെ ട്വൻറി 20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക.
ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിനിടെയാണ് അക്തർ തൻെറ അഭിപ്രായം പ്രകടിപ്പിച്ചത്.
' എൻെറ അഭിപ്രായത്തിൽ അദ്ദേഹം ട്വൻറി 20 ലോകകപ്പ് കളിക്കണം. ഇന്ത്യക്കാർ തങ്ങളുടെ താരങ്ങളെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ട്വൻറി 20 ലോകകപ്പിൽ കളിക്കണം. പക്ഷേ അദ്ദേഹത്തിൻെറ വ്യക്തിപരമായ താൽപര്യമാണത്'
'ട്വൻറി 20 ലോകകപ്പിൽ കളിക്കാനായി ധോണിയോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞേക്കാം. അതൊരു സാധ്യതയാണ്. 1987ൽ ഇമ്രാൻഖാനോട് ക്രിക്കറ്റിൽ നിന്നും വിരമിക്കരുതെന്ന് ജനറൽ സിയാവുൾ ഹഖ് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അത് അനുസരിക്കുകയും ചെയ്തു. ഒരു പ്രധാനമന്ത്രിയോട് ഒരിക്കലും നടക്കില്ലെന്ന് പറയാനാവില്ലല്ലോ?'
'ധോണിക്കായി ഒരുവിരമിക്കൽ മത്സരം ഇന്ത്യയൊരുക്കുമെന്നാണ് ഞാൻ കരുതുന്നത്. ധോണിക്ക് അത് വേണമോയെന്നറിയില്ല, പക്ഷേ ഇന്ത്യ തയ്യാറാകുകയാണെങ്കിൽ സ്റ്റേഡിയം മൊത്തം നിറഞ്ഞുകവിയും' - അക്തർ കൂട്ടിച്ചേർത്തു.
ഈ വർഷം സെപ്റ്റംബർ മുതൽ യു.എ.ഇയിൽ വെച്ചുനടക്കുന്ന ഐ.പി.എൽ ടൂർണമെൻറിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനായി ധോണി കളിക്കുമെന്ന് ഉറപ്പായിരുന്നു. ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.