രണ്ട് വർഷത്തിന് ശേഷം ബാബർ അസമിന്റെ ഒന്നാം റാങ്ക് പിടിച്ചെടുത്ത് ശുഭ്മൻ ഗിൽ; ബൗളർമാരിൽ സിറാജ് ഒന്നാമത്

ന്യൂഡൽഹി: ഐ.സി.സി ഏകദിന റാങ്കിങ്ങിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാം റാങ്ക് പിടിച്ച് ഇന്ത്യൻ താരങ്ങൾ. ബാറ്റിങ്ങിൽ രണ്ട് വർഷത്തിലധികമായി പാകിസ്താൻ നായകൻ ബാബർ അസം കൈവശം വെച്ച ഒന്നാം സ്ഥാനം ശുഭ്മൻ ഗില്ലാണ് പിടിച്ചെടുത്തതെങ്കിൽ മുഹമ്മദ് സിറാജാണ് ബൗളർമാരിൽ ഒന്നാമതെത്തിയത്.

ഏകദിനത്തിൽ ഒന്നാം റാങ്കിലെത്തുന്ന നാലാമത്തെ മാത്രം ഇന്ത്യൻ ബാറ്ററാണ് ഗിൽ. സചിൻ ടെണ്ടുൽക്കർ, എം.എസ്.​ ധോണി, വിരാട് കോഹ്‍ലി എന്നിവരാണ് നേരത്തെ ഈ നേട്ടം കരസ്ഥമാക്കിയവർ. ഗില്ലിന് 830 റേറ്റിങ് ​പോയന്റ് ലഭിച്ചപ്പോൾ ബാബർ അസം 824 പോയന്റുമായി രണ്ടാമതായി. ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്ക് ആണ് മൂന്നാമത് (771). ലോകകപ്പിൽ തകർപ്പൻ പ്രകടനം തുടരുന്ന വിരാട് കോഹ്‍ലിയാണ് (770) നാലാം സ്ഥാനത്ത്.

ലോകകപ്പിൽ ആറ് ഇന്നിങ്സുകളിൽനിന്നായി രണ്ട് അർധ സെഞ്ച്വറിയടക്കം 219 റൺസാണ് ഗിൽ ഇതുവരെ നേടിയത്. ഡെങ്കിപ്പനി കാരണം ആദ്യ രണ്ട് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഈ വർഷം തകർപ്പൻ ഫോമിലുള്ള ഗിൽ ഏകദിനത്തിൽ ഒരു വർഷം 2000 റൺസ് തികക്കുന്ന ആദ്യ ബാറ്ററെന്ന ച​രിത്ര നേട്ടത്തിനരികെയാണ്.

ബൗളർമാരിൽ നാല് ഇന്ത്യക്കാരാണ് ആദ്യ പത്തിൽ ഇടംപിടിച്ചത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയാണ് സിറാജ് ഒന്നാം റാങ്കിലെത്തിയത്. കുൽദീപ് യാദവ് നാലാമതും ജസ്പ്രീത് ബുംറ എട്ടാമതും മുഹമ്മദ് ഷമി പത്താമതുമെത്തി. ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജാണ് രണ്ടാം റാങ്കിൽ. ആസ്ട്രേലിയൻ സ്പിന്നർ ആദം സാംബ മൂന്നും പാകിസ്താന്റെ ഷഹീൻ അഫ്രീദി നാലും ജോഷ് ഹേസൽവുഡ് അഞ്ചും റാങ്കിലെത്തി.

Tags:    
News Summary - Shubman Gill captures Babar Assam's No. 1 rank after two rounds; Siraj is the first among the bowlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.