ന്യൂഡൽഹി: പ്രതാപം നഷ്ടപ്പെട്ട് തകർച്ചയുടെ പടുകുഴിയിലാണ്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഉയിർത്തെഴുന്നേൽപിച്ച് ലോകകിരീടത്തിന്റെ വക്കിലെത്തിച്ച നായകനും രാജ്യം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിലൊരാളുമായ സൗരവ് ഗാംഗുലി ജീവിതവഴിയിൽ അമ്പതാണ്ട് പിന്നിടുന്നു. കൗമാരം വിടുംമുമ്പെ 1992 ജനുവരിയിൽ ബ്രിസ്ബേനിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിനത്തിലൂടെ അരങ്ങേറിയ 'കൊൽക്കത്ത മഹാരാജാവ്' പിൽക്കാലത്ത് ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം 'ദാദ'യായി.
ദീർഘകാലം ഓപണിങ് ബാറ്ററായി ഇറങ്ങി ഇന്ത്യയുടെ വിജയങ്ങളിലേക്ക് ബാറ്റുവീശി. നായകന്റെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഗാംഗുലി ടീമിന്റെ കെട്ടുറപ്പും വീണ്ടെടുത്തു. കളിക്കളത്തിൽ നിന്ന് വിരമിച്ചപ്പോഴും ക്രിക്കറ്റിനെ കൂടെ നിർത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡി(ബി.സി.സി.ഐ)ന്റെ തലപ്പത്തുമെത്തി.
1972 ജൂലൈ എട്ടിന് പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ ബെഹാലയിലാണ് ഗാംഗുലിയുടെ ജനനം. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനം ദേശീയ ടീമിലെത്തിച്ചു. ആദ്യ മത്സരത്തിൽ സ്കോർ ചെയ്തത് വെറും മൂന്ന് റൺസ്. തുടർന്ന് ടീമിൽ നിന്ന് പുറത്തായി. തിരിച്ചു വരവിന് ഏറെ കാത്തിരിക്കേണ്ടി വന്നു. 1996ലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഏകദിന ടീമിലും സജീവമായി.
പിന്നെ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽകറുടെ ഓപണിങ് പങ്കാളിയായി സ്വന്തമാക്കിയ റെക്കോഡുകൾ നിരവധി. ഏകദിന റൺസിന്റെ കാര്യത്തിൽ സചിൻ ടെണ്ടുൽകർക്കും വിരാട് കോഹ് ലിക്കും പിറകിൽ മൂന്നാമനാണ് 11,363. സചിൻ ടെണ്ടുൽകർ സ്ഥാനമൊഴിഞ്ഞതോടെ നായകനുമായി.
2000 മുതൽ 2005 വരെ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് വിജയങ്ങളിൽ തിളങ്ങിനിന്നു. 20 കൊല്ലത്തിനു ശേഷം 2003ൽ ലോകകപ്പ് ഫൈനലിലുമെത്തി. 2008ലാണ് വിരമിക്കുന്നത്. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ഗാംഗുലി 2019 മുതൽ ബി.സി.സി.ഐ അധ്യക്ഷനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.