ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിൽ മറ്റൊരു അട്ടിമറി പ്രതീക്ഷിച്ചെങ്കിലും, ക്രിക്കറ്റിലെ ശിശുക്കളായ നെതർലൻഡ്സിനോട് വിറച്ച് ജയിച്ച് ദക്ഷിണാഫ്രിക്ക. ഡേവിഡ് മില്ലർ രക്ഷകനായ മത്സരത്തിൽ നാലു വിക്കറ്റിനാണ് പ്രോട്ടീസിന്‍റെ ജയം.
ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് കുറിച്ച 104 റൺസ് വിജയലക്ഷ്യം ഏഴു പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. സ്കോർ : നെതർലൻഡ്സ് -20 ഓവറിൽ ഒമ്പത് വിക്കറ്റിന് 103. ദക്ഷിണാഫ്രിക്ക -18.5 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 106. മില്ലറുടെ അർധ സെഞ്ച്വറി പ്രകടനമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 51 പന്തിൽ നാലു സിക്സും മൂന്നു ഫോറുമടക്കം 59 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. മില്ലറാണ് കളിയിലെ താരവും.
ട്രിസ്റ്റൻ സ്റ്റബ്സ് 37 പന്തിൽ 33 റൺസെടുത്തു. തകർച്ചയോടെയാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് തുടങ്ങിയത്. മൂന്നു റൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര ബാറ്റർമാർ മടങ്ങി. ഓപ്പണർ റിസ ഹെൻഡ്രിക്സ് (10 പന്തിൽ മൂന്ന് റൺസ്), ക്വിന്‍റൺ ഡികോക്ക് (പൂജ്യം), നായകൻ എയ്ഡൻ മാർക്രം (പൂജ്യം) എന്നിവരാണ് പുറത്തായത്. ഹെൻഡ്രിക്സ് വാൻ ബീക്കിന്‍റെ പന്തിൽ ബൗൾഡായി. ഒരു പന്തുപോലും നേരിടാതെ റൺ ഔട്ടായാണ് ഡികോക്ക് പുറത്തായത്. കിങ്മയുടെ പന്തിൽ മാർക്രത്തിനെ സ്കോട്ട് എഡ്വേർഡ്സ് കൈയിലൊതുക്കി. അധികം വൈകാതെ ഹെൻറിച് ക്ലാസൻ വിവിയൻ കിങ്മയുടെ പന്തിൽ ടിം പ്രിംഗിളിന് ക്യാച്ച് നൽകി മടങ്ങി. ടീം 4.3 ഓവറിൽ നാലു വിക്കറ്റിന് 12 റൺസ്. പവർ പ്ലേയിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് പ്രോട്ടീസ് നേടിയത്. തുടർന്ന് ട്രിസ്റ്റൻ സ്റ്റ്ബ്സും ഡേവിഡ് മില്ലറും നടത്തിയ രക്ഷാപ്രവർത്തനമാണ് തകർച്ചയിൽനിന്ന് ടീമിനെ കരകയറ്റിയത്. ശ്രദ്ധയോടെ ബാറ്റു വീശിയ ഇരുവരും 11.5 ഓവറിൽ ടീം സ്കോർ 50 കടത്തി.
സ്റ്റബ്സിനെ ബാസ് ഡെ ലീഡെ പുറത്താക്കി. പിന്നാലെ മൂന്നു റൺസെടുത്ത് മാർകോ ജാൻസെനും പുറത്ത്. മില്ലർ കേശവ് മഹാരാജിനെ കൂട്ടുപിടിച്ചാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. ഓറഞ്ച് പടക്കായി വിവിയൻ കിങ്മ, വാൻ ബീക്ക് എന്നിവർ രണ്ടു വിക്കറ്റ് വീതവും ബാസ് ഡെ ലീഡെ ഒരു വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക നെതർലൻഡ്ൻസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഓറഞ്ചു പട ഒമ്പത് വിക്കറ്റിന് 103 റൺസെടുത്തു.
സൈബ്രാൻഡ് ഏംഗൽബ്രറ്റ് 40 റൺസ് നേടി. ലോഗൻ വാൻ ബീക്ക് 23 റൺസും സ്വന്തമാക്കി. ഇരുവരും ഏഴാം വിക്കറ്റിൽ ചേർത്ത 54 റൺസാണ് വൻ തകർച്ചയിൽ നിന്ന് നെതർലൻഡ്ൻസിനെ രക്ഷിച്ചത്. 11.5ഓവറിൽ ആറിന് 48 എന്ന നിലയിലായിരുന്നു ടീം. ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസർ ഒട്ട്നീൽ ബാർത് മാൻ നാലോവറിൽ 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി. മാർകോ ജാൻസണും ആന്റിച്ച് നോർകീയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.