കേപ്ടൗൺ: റണ്ണൊഴുകാൻ മടിച്ച പിച്ചിൽ പതിയെ കളിച്ച് സെഞ്ച്വറി കുറിച്ച രണ്ടു പേരുടെ കരുത്തിൽ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. മികച്ച ഇന്നിങ്സുകളുമായി ബാവുമയും വാൻ ഡർ ഡസനും നായകപരിവേഷമണിഞ്ഞ മത്സരത്തിൽ 31 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കൻ വിജയം. സ്കോർ: ദക്ഷിണാഫ്രിക്ക 296/4, ഇന്ത്യ 265/8.
കാര്യമായ വിക്കറ്റ് നഷ്ടമില്ലാതെയായിരുന്നു ആദ്യം ബാറ്റുചെയ്ത പ്രോട്ടീസ് ഇന്നിങ്സ്. രണ്ടക്കം കടക്കാതെ ഓപണർ മലാനും മർക്രമും പുറത്തായത് മാറ്റിനിർത്തിയാൽ എല്ലാവരും മോശമല്ലാതെ ടീം പ്രകടനത്തെ സഹായിച്ചു. നേരത്തേ മടങ്ങിയ ഡി കോക്ക് 27 റൺസ് എടുത്താണ് കൂടാരം കയറിയത്. അതേസമയം, പിടിച്ചുനിന്നുകളിച്ച ബാവുമ 110 റൺസ് എടുത്തപ്പോൾ അവസാന പന്തുവരെയും മൈതാനംവാണ വാൻ ഡർ ഡസൻ 129ഉം കുറിച്ചു.
തുടക്കത്തിലേ വിക്കറ്റ് വീഴ്ചയെ തുടർന്ന് കരുതിക്കളിച്ച ബാവുമ 143 പന്തുകൾ നേരിട്ടപ്പോൾ റൺസ് കൂടുതൽ നേടിയ വാൻ ഡർ ഡസൻ 96 പന്തുകളേ നേരിട്ടുള്ളൂ. ഇന്ത്യൻ ബൗളർമാർ വിക്കറ്റെടുക്കുന്നതിൽ പിശുക്കു കാണിച്ചപ്പോൾ റൺ വിട്ടുനൽകുന്നതിൽ കാര്യമായ കുറവുണ്ടായതുമില്ല. ശാർദുൽ ഠാകുർ 72 റൺസ് വിട്ടുകൊടുത്തപ്പോൾ ഭുവനേശ്വർ 64ഉം വഴങ്ങി. ആകെ മൂന്നു വിക്കറ്റുകളിൽ ബുംറ രണ്ടും അശ്വിൻ ഒന്നുമായി പങ്കിട്ടെടുത്തു.
ഉത്തരവാദിത്തങ്ങൾ വിട്ടെറിഞ്ഞ് ശരിക്കും കളിക്കാരനായി മൈതാനത്തിറങ്ങിയ വിരാട് കോഹ്ലിയും അതുക്കുംമേലെ നിന്ന ശിഖർ ധവാനും മനോഹരമായാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ടുനയിച്ചത്. 12 റൺസ് എടുത്ത് രാഹുൽ ആദ്യമേ പുറത്തായതിന്റെ ക്ഷീണം കോഹ്ലി-ധവാൻ സഖ്യം കാണിച്ചതേയില്ല. ബൗണ്ടറികൾക്ക് കാര്യമായി ശ്രമിക്കാതെ സിംഗിളും ഡബ്ളുമായി വിക്കറ്റുകൾക്കിടയിൽ പാഞ്ഞുനടന്ന ഇരുവരുടെയും പ്രകടനം ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിന്റെ മുനയൊടിച്ചുവെന്ന് തോന്നിച്ച ഘട്ടത്തിൽ ധവാൻ മടങ്ങി. 84 പന്തിൽ 79 റൺസുമായി നിൽക്കെ കേശവ് മഹാരാജിന്റെ പന്തിൽ ബൗൾഡായി. അർധ സെഞ്ച്വറി പിന്നിട്ട് പിന്നെയും ബാറ്റുവീശിയ കോഹ്ലി അതിനിടെ വിദേശത്ത് ഒരു ഇന്ത്യൻ താരം നേടുന്ന കൂടുതൽ റൺസ് എന്ന സചിൻ ടെണ്ടുൽകറുടെ പേരിലുള്ള റെക്കോഡ് മറികടന്നു.
63 പന്തിൽ 51 റൺ നേടി മടങ്ങിയ കോഹ്ലിക്കു പിറകെ എത്തിയവരെ വാഴാൻ വിടാതെ ആതിഥേയ ബൗളിങ് പിടിച്ചുകെട്ടിയത് ഇന്ത്യൻ ഇന്നിങ്സിനെ മുൾമുനയിലാക്കി. ഋഷഭ് പന്ത് 16ഉം ശ്രേയസ് അയ്യർ 17ഉം റൺസെടുത്ത് തിരികെയെത്തിയപ്പോൾ വാലറ്റത്ത് വെങ്കടേഷ് അയ്യർക്ക് രണ്ടു റൺസ് മാത്രമായിരുന്നു സമ്പാദ്യം. എന്നിട്ടും തകരാതെ കാത്ത ശാർദുൽ ഠാകുർ ഒമ്പതാം വിക്കറ്റിൽ ബുംറയെ കൂട്ടി നടത്തിയ ഒറ്റയാൻ പോരാട്ടം അവിസ്മരണീയമായി. അവസാന പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ശാർദുൽ ഇന്ത്യൻ പോരാട്ടം 265 റൺസിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.