പാൾ: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുപിന്നാലെ ഏകദിന പരമ്പരയും കളഞ്ഞുകുളിച്ച് ഇന്ത്യ. തുടർച്ചയായ രണ്ടാം ഏകദിനത്തിലും ജയിച്ച ആതിഥേയർ മൂന്നു മത്സര പരമ്പര സ്വന്തമാക്കി. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റുചെയ്ത് 50 ഓവറിൽ ആറു വിക്കറ്റിന് 287 റൺസെടുത്ത ഇന്ത്യക്ക് പക്ഷേ ഭേദപ്പെട്ട ടോട്ടൽ പ്രതിരോധിക്കാനായില്ല. അനായാസം സ്കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്ക 11 പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
അർധ സെഞ്ച്വറി നേടിയ ഓപണർമാരായ ജാനെമൻ മലാൻ (108 പന്തിൽ 91), ക്വിന്റൺ ഡികോക് (66 പന്തിൽ 78) എന്നിവരുടെ കരുത്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. നായകൻ തെംബ ബാവുമ (36 പന്തിൽ 35), എയ്ഡൻ മാർക്രം (41 പന്തിൽ 37 നോട്ടൗട്ട്), റാസി വാൻഡർ ഡ്യൂസൻ (38 പന്തിൽ 37 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
നേരത്തേ 85 റൺസടിച്ച ഋഷഭ് പന്തിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ നൽകിയത്. 71 പന്തിൽ രണ്ടു സിക്സും 10 ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ഇടംകൈയ്യന്റെ ഇന്നിങ്സ്.
ഓപണിങ്ങിൽ തരക്കേടില്ലാത്ത തുടക്കമിട്ട നായകൻ ലോകേഷ് രാഹുലും (79 പന്തിൽ 55) ശിഖർ ധവാനും (38 പന്തിൽ 29) നന്നായി കളിച്ചെങ്കിലും കൂടുതൽ പിടിച്ചുനിൽക്കാനായില്ല. വിരാട് കോഹ് ലി അഞ്ചു പന്തിൽ പൂജ്യവുമായി മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി.
മധ്യനിരയിൽ ശ്രേയസ് അയ്യരും (14 പന്തിൽ 11) വെങ്കിടേഷ് അയ്യരും (33 പന്തിൽ 22) ഒരിക്കൽ കൂടി പരാജയമായപ്പോൾ അവസാനഘട്ടത്തിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച ശർദുൽ ഠാകൂറും (38 പന്തിൽ 40 നോട്ടൗട്ട്) രവിചന്ദ്രൻ അശ്വിനും (24 പന്തിൽ 25 നോട്ടൗട്ട്) ആണ് സ്കോർ 287ലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.