ദക്ഷിണാഫ്രിക്കക്ക് സെമിഫൈനൽ തോൽവികൾ തുടർക്കഥ; പരാജയമറിയുന്നത് അഞ്ചാം തവണ

ലോകകപ്പിൽ മികച്ച താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ഇത്തവണയും സെമിഫൈനൽ കടമ്പ കടക്കാനാകാതെയാണ് ദക്ഷിണാഫ്രിക്ക മടങ്ങുന്നത്. അഞ്ചാം തവണയാണ് പ്രോട്ടീസ് സെമിഫൈനലിൽ തോറ്റ് ​പുറത്താവുന്നത്. പലപ്പോഴും നിർഭാഗ്യമാണ് അവരുടെ വഴി മുടക്കിയതെങ്കിൽ മറ്റുചിലപ്പോൾ നിർണായക മത്സരങ്ങളിലെ ഇടർച്ചയാണ് തിരിച്ചടിയായത്.​

ആദ്യമായി പങ്കെടുത്ത 1992ലെ ലോകകപ്പിൽ മഴ നിയമമാണ് ദക്ഷിണാഫ്രിക്കയെ ചതിച്ചത്. സിഡ്നിയിൽ നടന്ന സെമിയിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 45 ഓവറിൽ അടിച്ചെടുത്തത് ആറ് വിക്കറ്റ് നഷട്ത്തിൽ 252 റൺസായിരുന്നു. ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ 19 പന്തിൽ 22 റൺസ് വേണ്ടപ്പോൾ മഴയെത്തി. മഴയൊഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം കണ്ട് ഏവരും ഞെട്ടി. ഒരു പന്തിൽ 22 റൺസ്!. അങ്ങനെ വിജയം ദക്ഷിണാഫ്രിക്കയിൽനിന്ന് തട്ടിയെടുക്കുകയായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും വിവാദ മത്സരങ്ങളിലൊന്നായിരുന്നു അത്.

1999ൽ എഡ്ജ്ബാസ്റ്റണിൽ നടന്ന സെമിഫൈനലിൽ ആസ്ട്രേലിയയായിരുന്നു എതിരാളികൾ. എന്നാൽ, അലൻ ഡൊണാൾഡും ലാൻസ് ക്ലൂസ്‌നറും തമ്മിലുള്ള കൂട്ടുകെട്ട് അവസാന പന്തിൽ റണ്ണൗട്ടിൽ കലാശിച്ചതോടെ മത്സരം ടൈയിൽ അവസാനിച്ചു. നെറ്റ് റൺറേറ്റിന്റെ ബലത്തിൽ ആസ്‌ട്രേലിയ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ലോകകപ്പ് കണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു അത്.

2007ലെ സെമിയിലും ആസ്ട്രേലിയയായിരുന്നു എതിരാളികൾ. എന്നാൽ, ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക വെറും 149 റൺസിന് പുറത്തായി. ആസ്ട്രേലിയ 31.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസ ജയം നേടി. നാല് വിക്കറ്റെടുത്ത ഷോൺ ടെയ്റ്റും മൂന്ന് വിക്കറ്റ് നേടിയ ​െഗ്ലൻ മഗ്രാത്തുമായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതീക്ഷകളെ എറിഞ്ഞിട്ടത്.

2015ൽ ന്യൂസിലാൻഡാണ് ഫൈനലിലേക്കുള്ള വഴിമുടക്കിയത്. ഓക്‍ലൻഡിൽ നടന്ന മത്സരം മഴ കാരണം ഓവറുകൾ ചുരുക്കിയതും ഫീൽഡിങ് പിഴവുകളുമാണ് ഇത്തവണ തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 43 ഓവറിൽ അഞ്ചിന് 281 റൺസടിച്ചപ്പോൾ ന്യൂസിലാൻഡിന്റെ ലക്ഷ്യം 43 ഓവറിൽ 298 റൺസായി നിർണയിച്ചു. എന്നാൽ, ഡെയ്ൽ സ്റ്റെയിൻ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സടിച്ച് ഗ്രാന്റ് എലിയട്ടാണ് കിവികൾക്ക് നാല് വിക്കറ്റിന്റെ വിജയം സമ്മാനിച്ച് ഫൈനലിലേക്ക് വഴി തുറന്നത്.

2023ൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പതിൽ ഏഴ് മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിഫൈനലിൽ ഇടം നേടിയത്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന സെമിയിൽ ടോസ് നേടിയ അവർ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാൽ, 24 റൺസെടുക്കുമ്പോഴേക്കും അവരുടെ നാല് മുൻനിര വിക്കറ്റുകൾ ഓസീസ് എറിഞ്ഞുവീഴ്ത്തി. ഡേവിഡ് മില്ലറുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിൽ ആസ്ട്രേലിയക്ക് മുമ്പിൽ 213 റൺസ് വിജയലക്ഷ്യം വെച്ചപ്പോൾ ഓസീസ് 47.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുക്കുകയായിരുന്നു. ഇതോടെ അഞ്ചാം തവണയും ദക്ഷിണാഫ്രിക്കയുടെ ഫൈനൽ സ്വപ്നം ഇരുളടഞ്ഞു.

Tags:    
News Summary - South Africa's semi-final defeats continue; 5th time to fail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.