കൊളംബോ: ശ്രീലങ്കൻ പേസർ ഇസുരു ഉഡാന അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 12 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 33കാരനായ ഉഡാന 21 ഏകദിനങ്ങളിലും 35 ട്വന്‍റി20കളിലും ലങ്കൻ ജഴ്സിയണിഞ്ഞു. പുതുതാരങ്ങൾക്ക് അവസരം നൽകാനായാണ് വഴിമാറിക്കൊടുക്കുന്നതെന്ന് വിരമിക്കൽ പ്രഖ്യാപിച്ച് താരം പറഞ്ഞു.
2009ൽ നോട്ടിങ്ഹാമിൽ ട്വന്‍റി20 ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം. 2012ൽ ഏകദിനത്തിൽ അരങ്ങേറി. 2009-2016 കാലയളവിൽ ഉഡാന ആകെ മൂന്ന് അന്താരാഷ്ട്ര മത്സരങ്ങൾ മാത്രമാണ് കളിച്ചത്. അത് മൂന്നും 2012 ജൂലൈയിലായിരുന്നു. 2018ന് ശേഷമാണ് താരം ലങ്കൻ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയത്. ബൗളിങ്ങിനൊപ്പം വാലറ്റത്ത് വിശ്വസിക്കാൻ കൊള്ളാവുന്ന ബാറ്റ്സ്മാൻ കൂടിയായിരുന്നു ഉഡാന.
ട്വന്‍റി20യിലും ഏകദിനത്തിലും ഓരോ അർധ സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 18 വിക്കറ്റും ട്വന്‍റി20യിൽ 27 വിക്കറ്റും വീഴ്ത്തി. മൂന്ന് തവണ മൂന്ന് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഇന്ത്യക്കെതിരെ അടുത്തിടെ നടന്ന ഏകദിന, ട്വന്‍റി20 പരമ്പരകൾ കളിച്ചിരുന്നെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
2020ൽ യു.എ.ഇയിൽ നടത്തിയ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരുന്നു. 10 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.