ടെസ്റ്റ് ലോകകപ്പ് ഫൈനൽ തേടി ന്യൂസിലൻഡി​ലെത്തിയ ശ്രീലങ്കക്ക് ഇനി ഏകദിന ലോകകപ്പ് കളിക്കാൻ യോഗ്യത നേടണം

ആസ്ട്രേലിയ നേരത്തെ ഉറപ്പിച്ച ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ അവശേഷിച്ച ഇടം തേടിയായിരുന്നു ശ്രീലങ്ക ന്യൂസിലൻഡിലേക്ക് പറന്നത്. മികച്ച പ്രകടനവുമായി തുടക്കത്തിൽ ടീം പ്രതീക്ഷ കാത്തതാണ്. ഇതേ ഫൈനൽ തേടി ഒപ്പം രംഗത്തുണ്ടായിരുന്ന ഇന്ത്യക്കെതിരെ ആസ്ട്രേലിയ മികച്ച പ്രകടനം നടത്തുക കൂടി ചെയ്തതോടെ ലങ്ക പ്രതീക്ഷയുടെ കൊടുമുടിയേറി. എന്നാൽ, ട്വന്റി20 ആവേശം സമ്മാനിച്ച് ടെസ്റ്റിലെ അവസാന പന്തിൽ ജയം ന്യൂസിലൻഡ് പിടിക്കുകയും മറുവശത്ത് ഇന്ത്യ വിലപ്പെട്ട പോയിന്റ് സ്വന്തമാക്കുകയും ചെയ്തതോടെ ശ്രീലങ്ക പുറത്തും ഇന്ത്യ അകത്തുമായി.

പിന്നീടും കിവികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ട ശ്രീലങ്ക ഒടുവിൽ പര്യടനം കഴിഞ്ഞ് മടങ്ങുമ്പോൾ സ്ഥിതി കൂടുതൽ ദയനീയമായിരിക്കുന്നു. ഇതുവരെ എല്ലാ ഏകദിന ലോകകപ്പിലും നേരിട്ട് യോഗ്യത ഉറപ്പാക്കിയ ടീമിന് ഒക്ടോബറിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ഏകദിന മാമാങ്കത്തിൽ ഇറങ്ങാൻ ഇനി യോഗ്യത പോരാട്ടങ്ങൾ ജയിക്കണം. ന്യൂസിലൻഡിൽ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ രണ്ടും ജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മത്സരം മഴയെടുത്തിരുന്നു. അവസാന ഏകദിനത്തിൽ 157ന് ശ്രീലങ്കയെ എറിഞ്ഞിട്ടാണ് കിവികളുടെ തേരോട്ടം.

​ഏകദിന റാങ്കിങ്ങിൽ ആദ്യ എട്ടിലുള്ളവർക്കാണ് യോഗ്യത. തോൽവിയെ തുടർന്ന് ശ്രീലങ്ക എട്ടം സ്ഥാനത്തുനിന്നിറങ്ങിയതോടെയാണ് യോഗ്യത പോരാട്ടം നിർബന്ധമായത്. നിലവിൽ വെസ്റ്റ് ഇൻഡീസ് ആണ് എട്ടാമത്. ശ്രീലങ്ക 10ാം സ്ഥാനത്തും. ദക്ഷിണാഫ്രിക്ക, അയർലൻഡ് ടീമുകളും എട്ടാം സ്ഥാനത്തേക്ക് കയറാൻ സാധ്യതയുള്ളവരാണ്. ദക്ഷിണാഫ്രിക്കക്ക് അയർലൻഡിനെതിരെ ഒരു ഏകദിനം കൂടിയാണുള്ളത്. അതും ജയിച്ചാൽ എട്ടാമന്മാരാകാം. എന്നാൽ, അയർലൻഡിന് ഇതുകഴിഞ്ഞ് ബംഗ്ലദേശിനെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയുണ്ട്. മൂന്നും ജയിച്ചാൽ ദക്ഷിണാഫ്രിക്കക്കൊപ്പമെത്താം. റൺറേറ്റാകും പിന്നെ വിധി നിർണയിക്കുക.

സിംബാബ്​‍വെയിൽ ജൂൺ 18 മുതൽ ജൂലൈ ഒമ്പതു വരെയാകും ലോകകപ്പ് യോഗ്യത മത്സരങ്ങൾ. ശ്രീലങ്കക്കു പുറമെ നെതർലൻഡ്സ്, സിംബാബ്​‍വെ, നേപാൾ, ഒമാൻ, സ്കോട്‍ലൻഡ് എന്നിവയും വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, അയർലൻഡ് എന്നിവയിൽ രണ്ടും രാജ്യങ്ങളാണ് യോഗ്യത പോരാട്ടങ്ങൾ കളിക്കുക. രണ്ടു ടീമുകളാണ് ഇതിൽനിന്ന് യോഗ്യത നേടുക.

ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ എന്നിവക്കൊപ്പം ബംഗ്ലദേശ്, അഫ്ഗാനിസ്താൻ ടീമുകളും നേരത്തെ ഇടമുറപ്പിച്ചുകഴിഞ്ഞവരാണ്. 

Tags:    
News Summary - Sri Lanka unable to automatically qualify for World Cup after New Zealand defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.