‘ആരും ഒന്നും മിണ്ടാത്തതെന്താണ്? ഒരു വ്യക്തിയും ഒരു ബോർഡുമല്ല ക്രിക്കറ്റിനെ ഭരിക്കേണ്ടത്’; ജെയ് ഷാക്കെതിരെ ഒളിയമ്പെയ്ത് അർജുന രണതുംഗ

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു മാത്രമായി റിസർവ് ദിനം അനുവദിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ശ്രീലങ്കൻ നായകൻ അർജുന രണതുംഗ. ഒരു വ്യക്തിയും ഒരു ബോർഡുമല്ല ക്രിക്കറ്റിനെ ഭരിക്കേണ്ടതെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും (എ.സി.സി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐ.സി.സി) കാഴ്ചക്കാരായി നോക്കിനിൽക്കരുതെന്നും അദ്ദേഹം വിമർശിച്ചു.

ബി.സി.സി.ഐയെയും സെക്രട്ടറി ജെയ് ഷായെയും ഉന്നംവെച്ചായിരുന്നു രണതുംഗയുടെ വിമർശനം. ജെയ് ഷാ തന്നെയാണ് എ.സി.സി പ്രസിഡന്‍റും. മഴ ഭീഷണിയെ തുടർന്നാണ് സെപ്റ്റംബർ 10ന് നടന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുൻകൂട്ടി ഒരു റിസർവ് ദിനം അനുവദിച്ചത്. അന്നത്തെ മത്സരം മഴമൂലം നിർത്തിവെച്ചതോടെ തൊട്ടടുത്ത റിസർവ് ദിനത്തിലാണ് പൂർത്തിയാക്കിയത്. മത്സരത്തിൽ ഇന്ത്യ വലിയ മാർജിനിൽ ജയിക്കുകയും ചെയ്തു.

‘ഫൈനലിനു പുറമെ, ടൂർണമെന്‍റിൽ ഒരു മത്സരത്തിനു മാത്രമാണ് റിസർവ് ദിനത്തിന്‍റെ അനുകൂല്യം ലഭിച്ചത്, അതും ടൂർണമെന്‍റ് തുടങ്ങിയശേഷമാണ് തീരുമാനിച്ചത്. മറ്റു ടീമുകൾക്കൊന്നും നൽകാത്ത ആനുകൂല്യം ഒരു ടീമിനു മാത്രം നൽകുന്നത് ക്രിക്കറ്റിനെ അപകടത്തിലാക്കും’ -രണതുംഗ പറഞ്ഞു.

ടൂർണമെന്‍റിന് ചില നിയമാവലികളുണ്ട്. എന്നാൽ, ഒരു മത്സരത്തിനു മുന്നോടിയായി നിങ്ങളത് മാറ്റി. എ.സി.സി എവിടെയാണ്? ഐ.സി.സി എവിടെ പോയി? ഒരു ടൂർണമെന്‍റിൽ ഒരു ടീമിന് അനുകൂലമായി മാത്രം നിയമങ്ങൾ മാറ്റുന്നത് ശരിയായ നടപടിയല്ല. ഭാവിയിൽ അതൊരു ദുരന്തമാകുമെന്നും രണതുംഗ മുന്നറിയിപ്പ് നൽകി. പി.ടി.ഐയാണ് രണതുംഗയെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏകദിന ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിന് മുമ്പ് അവർ നിയമം മാറ്റിയാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഐ.സി.സി അതിന് മൗനാനുവാദം നൽകും. ഒന്നും സംഭവിക്കില്ല. ഒരു ബോർഡും ഒരു വ്യക്തിയുമല്ല ലോക ക്രിക്കറ്റിനെ ഭരിക്കേണ്ടത്. മറ്റു ക്രിക്കറ്റ് ബോർഡുകളും തങ്ങളുടെ അവകാശങ്ങൾക്കായി രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐ.സി.സി, എ.സി.സി ഭാരവാഹികളോട് എനിക്ക് വളരെ സങ്കടം തോന്നുന്നു, കാരണം അവർ സ്ഥാനമാനങ്ങൾ മാത്രമാണ് ആഗ്രഹിക്കുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളും നിശ്ശബ്ദരാണ്, കാരണം അവർക്ക് പണമാണ് ആവശ്യമെന്നും രണതുംഗ വിമർശിച്ചു. സൂപ്പർ ഫോറിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനു മാത്രം റിസർവ് ദിനം അനുവദിച്ച എ.സി.സി തീരുമാനം വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു.

റിസർവ് ദിനത്തിന്‍റെ ആനുകൂല്യം അന്ന് ഇന്ത്യക്ക് ലഭിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയും പാകിസ്താനും ഓരോ പോയന്‍റ് വീതം പങ്കിടുമായിരുന്നു. ഇത് ഇന്ത്യയുടെ ഫൈനൽ സാധ്യത ഇല്ലാതാക്കുമായിരുന്നു. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റിരുന്നു.

Tags:    
News Summary - Sri Lankan Legend Ranatunga Calls Out BCCI Over ‘One Board, One Individual’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.