‘കുറെ കാലത്തിനുശേഷം കണ്ട ഏറ്റവും മോശം ബൗളിങ്’; ഹാർദിക്കിനെ രൂക്ഷമായി വിമർശിച്ച് ഗവാസ്കർ

മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 20 റൺസിനാണ് മുംബൈ തോറ്റത്.

ഹാർദിക് എറിഞ്ഞ അവസാന ഓവറിൽ മുംബൈ വഴങ്ങിയത് 26 റൺസാണ്. ഇതിൽ നാലു പന്തുകൾ നേരിട്ട സൂപ്പർതാരം എം.എസ്. ധോണി മൂന്നു സിക്സുകൾ ഉൾപ്പെടെ 20 റൺസ് നേടിയിരുന്നു. രണ്ടു വിക്കറ്റുകൾ നേടിയെങ്കിലും മുംബൈ നിരയിൽ കൂടുതൽ റണ്‍സ് വഴങ്ങിയ ബൗളറും ഹാർദിക്കാണ്. താരത്തിന് ബാറ്റിങ്ങിലും തിളങ്ങാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കെതിരെ ഏറെ ആത്മവിശ്വാസത്തോടെയാണ് നായകൻ 20ാം ഓവർ എറിയാനെത്തിയത്. ആദ്യ പന്ത് തന്നെ വൈഡ്. തൊട്ടടുത്ത പന്തിൽ ഡാരിൽ മിച്ചൽ ബൗണ്ടറി നേടി. രണ്ടാം പന്ത് വീണ്ടും വൈഡ്. അടുത്ത പന്തിൽ മിച്ചലിനെ പാണ്ഡ്യ മുഹമ്മദ് നബിയുടെ കൈകളിലെത്തിച്ചു. പിന്നാലെയാണ് ധോണി ക്രീസിലെത്തുന്നത്. ധോണിയുടെ ബാറ്റിങ് കാണാൻ കാത്തിരുന്ന ആരാധകരെ തല ഒട്ടും നിരാശരാക്കിയില്ല. ആദ്യ പന്തു തന്നെ ലോങ് ഓണിനു മുകളിലൂടെ ധോണി ഗാലറിയിലെത്തിച്ചു. നാലാം പന്തും സമാന രീതിയിൽ ധോണി സിക്സര്‍ പറത്തി.

അഞ്ചാം പന്ത് ഫുൾ ടോസ്, സ്ക്വയർ ലെഗിലൂടെ അനായാസം ഫ്ലിക് ചെയ്ത് ധോണിയുടെ ഹാട്രിക്ക് സിക്സ്. അവസാന പന്ത് ഡബ്ൾ ഓടി. ധോണി നേരിട്ട നാലു പന്തിൽ നേടിയത് 20 റൺസ്. മറുപടി ബാറ്റിങ്ങിൽ ഹിറ്റ്മാൻ രോഹിത് ശർമയുടെ അപരാജിത സെഞ്ച്വറിക്കും മുംബൈയെ രക്ഷിക്കാനായില്ല. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. 63 പന്തുകൾ നേരിട്ട രോഹിത് 11 ഫോറുകളും അഞ്ച് സിക്സും ഉൾപ്പെടെ 105 റൺസെടുത്തു. മത്സരത്തിന്‍റെ ഇടവേളക്കിടെ ഹാർദിക്കിന്‍റെ ബൗളിങ്ങിനെ കുറിച്ച് രൂക്ഷ ഭാഷയിലാണ് ഗാവസ്കർ പ്രതികരിച്ചത്.

കുറെ കാലത്തിനുശേഷം കണ്ട ഏറ്റവും മോശം ബൗളിങ്ങാണ് ഹാർദിക്കിന്‍റേതെന്ന് അദ്ദേഹം പറഞ്ഞു. താരത്തിന്‍റേത് ശരാശരി ബൗളിങ്ങും ക്യാപ്റ്റൻസിയും മാത്രമാണെന്നുംം ഗവാസ്കർ കുറ്റപ്പെടുത്തി.

Tags:    
News Summary - Sunil Gavaskar Blasts Hardik Pandya After MS Dhoni's Fiery Knock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.