സിഡ്നി: ട്വന്റി20 ലോകകപ്പിൽ ആദ്യ രണ്ടു കളികളും ജയിച്ച് പോയിന്റ് പട്ടികയിൽ മുന്നിൽ നിന്ന ടീം ഇന്ത്യ ദക്ഷിണാഫ്രിക്കക്കു മുന്നിലെത്തിയപ്പോൾ മുട്ടുവിറച്ചതിന്റെ കാരണങ്ങൾ തിരയുന്ന തിരക്കിലാണ് രാജ്യം. ഗുരുതരമായ ഫീൽഡിങ് അബദ്ധങ്ങൾ കളിയുടെ ഗതി മാറ്റിയെന്ന് പറയുന്നവരേറെ. പലപ്പോഴും ജയം തളികയിൽ വെച്ചുനൽകുംപോലെയായിരുന്നു ഇന്ത്യൻ ഫീൽഡിങ്. ഡീപ് മിഡ്‍വിക്കറ്റിൽ എയ്ഡൻ മർക്രമിനെ കോഹ്‍ലി വിട്ടതും രോഹിത് ശർമ റണ്ണൗട്ടിനുള്ള സുവർണാവസരം കളഞ്ഞുകുളിച്ചതും ഇതിൽ രണ്ടെണ്ണം മാത്രം. എന്നാൽ ഇതൊന്നുമല്ല, ബാറ്റിങ് പരാജയമായതാണ് വില്ലനായതെന്ന് കരുതുന്നവരുമുണ്ട്.
ഇതിഹാസ താരം സുനിൽ ഗവാസ്കർക്ക് പക്ഷേ, പറയാൻ കാരണം വേറെയാണ്. ഫീൽഡർമാരും ബാറ്റർമാരുമല്ല, രവിചന്ദ്ര അശ്വിന്റെ ബൗളിങ് പരാജയമാണ് പ്രശ്നമെന്ന് ഗവാസ്കർ പറയുന്നു. നാലോവറിൽ 43 റൺസാണ് താരം ദാനമായി നൽകിയത്. ട്വന്റി20യിൽ ഒരു ബൗളർ അത്രയും റൺസ് നൽകുന്നത് തീർച്ചയായും കളി തോൽപിക്കുമെന്ന് താരം പറയുന്നു. ''ഒരു ക്യാച്ച് വിട്ടുപോകുന്നതും റണ്ണൗട്ട് അവസരം നഷ്ടമാകുന്നതും ക്രിക്കറ്റിൽ സ്വാഭാവികമാണ്. അതിന്റെ പേരിൽ താരത്തെ പഴി പറയാനാകില്ല. ഭാഗ്യമില്ലെങ്കിൽ ഏതു മഹാനായ കളിക്കാരനും സംഭവിക്കാവുന്നതാണ് ഇതൊക്കെ. എന്നാൽ, ഒരു ബൗളർ 43 റൺസ് വിട്ടുനൽകിയതാണ് വില്ലനായത്''- ഗവാസ്കർ ആജ്തകിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.