വിമർശനങ്ങൾക്കിടെ കെ.എൽ. രാഹുലിനെ പിന്തുണച്ച് സുനിൽ ഗവാസ്കർ

മുംബൈ: മോശം ഫോം കാരണം മുൻ താരങ്ങളുടെയടക്കം രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപണർ കെ.എൽ. രാഹുലിനെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ. ‘‘കഴിഞ്ഞ രണ്ടു വർഷത്തോളം രാഹുൽ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് എനിക്ക് തോന്നുന്നത്. ഒരവസരം കൂടി അദ്ദേഹത്തിന് നൽകേണ്ടതുണ്ട്. ഡൽഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടെസ്റ്റ് ഇലവന്റെ സ്ഥിരം ഭാഗമായ ഒരാൾക്ക് മറ്റൊരു അവസരം ലഭിക്കുന്നത് ന്യായമാണ്. അതിനു ശേഷം രാഹുലിനെ മാറ്റുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാം. കാരണം ഫോമിലുള്ള ശുഭ്മൻ ഗിൽ പുറത്തിരിക്കുന്നുണ്ട്. രാഹുലിനെ മാറ്റി ഗില്ലിനെ കളിപ്പിക്കാം. –ഗവാസ്കർ പറഞ്ഞു.

ഇന്ത്യൻ ബാറ്റിങ് പരിശീലകൻ വിക്രം രാത്തോറും രാഹുലിന് പിന്തുണയുമായി രംഗത്തെത്തി. വൈസ് ക്യാപ്റ്റനെ മാറ്റിനിർത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് അദ്ദേഹം പറഞ്ഞു. അവസാനം കളിച്ച 10 ടെസ്റ്റ് ഇന്നിങ്സുകളിൽ അദ്ദേഹത്തിന് രണ്ട് സെഞ്ച്വറികളും രണ്ട് അർധസെഞ്ചുറികളും ഉണ്ട്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും സെഞ്ച്വറി നേടിയിട്ടുണ്ടെന്നും രാത്തോർ ചൂണ്ടിക്കാട്ടി. രാഹുലിന് ഒരവസരം കൂടി ബി.സി.സി.ഐ നൽകണമെന്ന് മുൻ ഇന്ത്യൻ താരം മദൻ ലാലും അഭിപ്രായപ്പെട്ടു.

രാഹുലിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നത് പ്രകടനം കൊണ്ടല്ലെന്നും പലരുടെയും ഇഷ്ടക്കാരനായതിനാലാണെന്നുമുള്ള ആരോപണവുമായി മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നാഗ്പൂർ ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ ഓപണറാക്കിയ തീരുമാനം തനിക്ക് മനസ്സിലാകുന്നില്ലെന്നും പ്രസാദ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ–ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ 71 പന്തുകൾ നേരിട്ട രാഹുൽ 20 റൺസ് മാത്രമാണ് നേടിയത്.

‘‘രാഹുലിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുന്നത് പ്രകടനം കൊണ്ടല്ല, പലരുടെയും ഇഷ്ടക്കാരനായതിനാലാണ്. സ്ഥിരമായി അസ്ഥിരത പുലർത്തുന്ന താരമാണ് അദ്ദേഹം. എട്ട് വർഷത്തോളമായി ഇന്ത്യൻ ടീമിനൊപ്പമുള്ള ഒരാൾ ഇങ്ങനെ നിരന്തരം മോശം പ്രകടനം കാഴ്ചവെക്കുന്നതിൽ ഒരു ന്യായീകരണവുമില്ല. എന്തുകൊണ്ടാണ് മുൻ ക്രിക്കറ്റ് താരങ്ങളടക്കം ഈ പക്ഷപാതത്തിനെതിരെ പ്രതികരിക്കാത്തത്’’, പ്രസാദ് ട്വിറ്ററിൽ കുറിച്ചു. രാഹുലിന് പകരം രവിചന്ദ്രൻ അശ്വിനെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനാക്കണമെന്നും മായങ്ക് അഗർവാളാണ് രാഹുലിനേക്കാൾ മെച്ചമെന്നും പ്രസാദ് അഭിപ്രായപ്പെട്ടിരുന്നു. 

Tags:    
News Summary - Sunil Gavaskar supports K.L. Rahul

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.