ധോണിയെയും യുവരാജിനെയും പോലെ സിക്സടിക്കുന്ന താരം! ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടിനെ പ്രവചിച്ച് റെയ്ന

മുംബൈ: ഏറെ പ്രതീക്ഷയോടെയാണ് ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം ന്യൂയോർക്കിലെത്തിയത്. 2007ൽ പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യ കുട്ടിക്രിക്കറ്റിൽ തങ്ങളുടെ രണ്ടാം ലോകകിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

രോഹിത് ശർമയുടെ നേതൃത്വത്തിൽ 15 അംഗ സ്ക്വാഡും നാലു റിസർവ് താരങ്ങളും ഉൾപ്പെടുന്ന സംഘം ന്യൂയോർക്കിൽ കഠിന പരിശീലനത്തിലാണ്. ശനിയാഴ്ച നസാവു കൗണ്ടി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിക്കുന്നുണ്ട്. ജൂൺ അഞ്ചിന് അയർലണ്ടിനെതിരെയാണ് ടൂർണമെന്‍റിൽ ഇന്ത്യയുടെ ആദ്യ മത്സരം. അതേസമയം, യു.എസിലെ സാഹചര്യങ്ങൾക്കനുസരിച്ച് സമതുലിതമായ പ്ലെയിങ് ഇലവനെ തെരഞ്ഞെടുക്കുന്നത് രോഹിത്തിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.

സൂപ്പർതാരം വിരാട് കോഹ്ലി രോഹിത്തിനൊപ്പം ഓപ്പണറാകുമെന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഓപ്പണറായ കോഹ്ലിയാണ് റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 15 മത്സരങ്ങളിൽനിന്ന് 741 റൺസാണ് താരം നേടിയത്. ഒരുവിഭാഗം ക്രിക്കറ്റ് വിദഗ്ധരും രോഹിത്-കോഹ്ലി സഖ്യം ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യണമെന്ന അഭിപ്രായമുള്ളവരാണ്. എന്നാൽ, മുൻ ഇന്ത്യൻ ഓൾ റൗണ്ടർ സുരേഷ് റെയ്നക്ക് കോഹ്ലി മൂന്നാം നമ്പറിൽ തന്നെ ബാറ്റിങ്ങിന് ഇറങ്ങണമെന്ന അഭിപ്രായമാണുള്ളത്.

യശസ്വി ജയ്സ്വാൾ-രോഹിത് സഖ്യം പതിവുപോലെ ഓപ്പൺ ചെയ്യട്ടെയെന്നും റെയ്ന പറയുന്നു. ‘ലോകകപ്പിൽ കോഹ്ലി മൂന്നാം നമ്പറിൽ കളിക്കാനാണ് എനിക്കിഷ്ടം. അദ്ദേഹം ഒരു റൺ മെഷീനാണ്. യശസ്വി നല്ല ഫോമിലാണ്, ഓപ്പണറായി അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ, കോഹ്ലി മൂന്നാം നമ്പറിൽ കളിക്കണമെന്നാണ് അഭിപ്രായം’ -റെയ്ന ഡൽഹിയിൽ ഒരുപരിപാടിയിൽ പറഞ്ഞു. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്കായി ആദ്യ സെഞ്ച്വറി കുറിച്ച താരമാണ് റെയ്ന. ശിവം ദുബെയെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാനുള്ള അവസരം ഒരുക്കണമെന്നും താരം അഭ്യർഥിച്ചു.

അനായാസം സിക്സ് അടിക്കാനുള്ള ദുബെയുടെ കഴിവ് ലോകകപ്പിൽ ടീമിന് നേട്ടമാകുമെന്നാണ് റെയ്നയുടെ വാദം. ജയ്‌സ്വാളിന് ചെറുപ്പമാണ്, അദ്ദേഹം ഭയമില്ലാതെ കളിക്കുന്നു. ശിവം ദുബെയുടെ കാര്യവും അങ്ങനെ തന്നെ. പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ മാനേജ്മെന്‍റ് അവസരമുണ്ടാക്കണം. ദുബെ സിക്‌സറുകൾ നേടുന്ന രീതി നോക്കു, വളരെ കുറച്ച് കളിക്കാർക്ക് മാത്രമേ ഇത്തരമൊരു കഴിവുള്ളൂ. ധോണിയുടെയും യുവരാജ് സിങ്ങിന്‍റെും ഇത്തരം പവർ ഹിറ്റിങ് ഷോട്ടുകൾ കണ്ടിട്ടുണ്ട്. ദുബെയാണ് ലോകകപ്പിലെ ഇന്ത്യയുടെ തുറുപ്പ് ചീട്ടെന്നും റെയ്ന കൂട്ടിച്ചേർത്തു.

Tags:    
News Summary - Suresh Raina Names India's 'Trump Card' in T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.