സിഡ്നി: ചുരുങ്ങിയ സമയംകൊണ്ട് ഐ.പി.എല്ലിലും അതുകഴിഞ്ഞ് ട്വൻറി20ലും കുറിച്ച മാസ്മരിക ഇന്നിങ്സുകൾ മതിയായിരുന്നു സചിന്റെ നാട്ടുകാരനായ സൂര്യകുമാറിനെ രാജ്യം അതിമാനുഷ പദവിയിലേക്കുയർത്താൻ. ഏത് ആംഗിളിലും ബാറ്റുവീശിയാൽ റൺ ഉറപ്പുള്ള താരം. സഹതാരങ്ങൾക്കൊപ്പം സിംഗിളും ഡബ്ളും അടിച്ച് കളിക്കുന്ന അതേ ആവേശത്തിൽ മൈതാനം കടത്തുന്ന കൂറ്റനടികളുടെയും തമ്പുരാൻ. അപ്പോഴും, ബൗൺസ് കൂടുതലുള്ള ഓസീസ് പിച്ചുകളിൽ ലോകമാമാങ്കത്തിന് വേദിയൊരുങ്ങുമ്പോൾ എങ്ങനെയാകും മുംബൈക്കാരന്റെ ബാറ്റ് പ്രതികരിക്കുകയെന്ന സന്ദേഹം പങ്കുവെച്ച് പലരുമുണ്ടായിരുന്നു. എന്നാൽ, ഇന്ത്യ മൂന്നു കളികൾ പൂർത്തിയാക്കുമ്പോൾ സൂര്യതേജസ്സുമായി നിറഞ്ഞുനിൽക്കുകയാണ് താരം. ദക്ഷിണാഫ്രിക്കക്കെതിരെ കളി തോൽക്കുകയും നാലു വിലപ്പെട്ട വിക്കറ്റുകൾ വീഴ്ത്തിയ ലുംഗി എംഗിഡി കളിയിലെ കേമനാകുകയും ചെയ്തപ്പോഴും ഇന്ത്യൻ നിരയിൽ കരുത്തോടെ നിന്നത് സൂര്യകുമാർ മാത്രം. കോഹ്ലിയും രോഹിതും മുതൽ ഹാർദികും ദിനേഷ് കാർത്തികും വരെ എല്ലാവരും പരാജയപ്പെട്ട കളിയിൽ താരം ഒറ്റക്കു പൊരുതിനിന്ന് ടീമിന് നൽകിയത് മാന്യമായ സ്കോർ. മറ്റു 10 പേർ ചേർന്ന് അക്കൗണ്ടിൽ 57 മാത്രം ചേർത്തപ്പോൾ 40 പന്ത് നേരിട്ട് സൂര്യകുമാർ കുറിച്ചത് 68 റൺസ്. നാലു പേസർമാർ കൊടുങ്കാറ്റ് വിതച്ചപ്പോഴായിരുന്നു ഒട്ടും പതറാതെ ബാറ്റുമായി രക്ഷാദൗത്യം. മൊത്തം കളിയിലും ഒരോവറിൽ 6.75 റൺസ് എന്ന ശരാശരിയിൽ നിന്നപ്പോൾ സൂര്യകുമാർ മാത്രം 10 തൊട്ടു. ടീം ഇന്ത്യയുടെ പകുതിയിലേറെ റൺസ് നേടാൻ നേരിട്ടത് മൂന്നിലൊന്ന് പന്ത് മാത്രം. ദക്ഷിണാഫ്രിക്കൻ നിരയിൽ പോലും ഒരാളും അത്ര റൺസ് നേടിയുമില്ല. കാഗിസോ റബാദ എറിഞ്ഞ പന്തിൽ ബൗളറുടെ തലക്കു മുകളിലൂടെ ബൗണ്ടറി പറത്തിയതു മതി താരത്തിന്റെ ക്ലാസ് അറിയിക്കാൻ. പരമാവധി ഷോർട് ബാളുകളെറിഞ്ഞ് പ്രോട്ടീസ് പേസർമാർ പരീക്ഷിച്ചപ്പോഴൊക്കെയും അതിലേറെ മിടുക്കോടെ അവയെ നേരിട്ടു. 2022ൽ ട്വന്റി20കളിലെ മൊത്തം റെക്കോഡുകൾ ചേർത്തുവായിച്ചാലറിയാം ഇനിയുള്ള കളികളിൽ സൂര്യകുമാർ കൂടുതൽ കരുത്തോടെ പിടിച്ചുനിൽക്കുമെന്ന്. ഈ വർഷം ഇതുവരെ 26 ഇന്നിങ്സുകളിൽ താരം 936 റൺസ് നേടിയിട്ടുണ്ട്. സ്ട്രൈക് റേറ്റ് 183.69. അതിൽ എട്ട് അർധ സെഞ്ച്വറികളും ഒരു ശതകവും.
വരും മത്സരങ്ങളിൽ എതിരാളികൾ താരതമ്യേന ദുർബലരായ ബംഗ്ലദേശും സിംബാബ്വേയും ആയതിനാൽ ഇന്ത്യ നോക്കൗട്ട് അനായാസം ഉറപ്പാക്കുമെന്നാണ് കണക്കുകൂട്ടൽ. രണ്ടു കളികളിൽ ടീമിന് വേണ്ടത് മൂന്ന് പോയിന്റ് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.