മൂന്ന് പുതിയ​ രാജ്യങ്ങൾക്ക്​ കൂടി അംഗത്വം നൽകി ഐ.സി.സി

തങ്ങളുടെ 78-ാമത് വാർഷിക ജനറൽ യോഗത്തിൽ മൂന്ന്​ രാജ്യങ്ങൾക്ക്​ കൂടി അംഗീകാരം നൽകി അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിൽ (ഐ.സി.സി). സ്വിറ്റ്‌സർലൻഡ്, മംഗോളിയ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളും ഇനിമുതൽ ഐ.സി.സി അംഗങ്ങളായിരിക്കും. ഇതോടെ ഐ.സി.സി അംഗീകാരമുള്ള ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 106 ആയി. അതിൽ 96 രാജ്യങ്ങളും അസോസിയേറ്റ് രാജ്യങ്ങളാണ്.

മംഗോളിയയും തജികിസ്ഥാനും ഏഷ്യയിൽ നിന്നുള്ള യഥാക്രമം 22, 23-ാമത് അംഗങ്ങളാണ്. സ്വിറ്റ്‌സർലൻഡ് യൂറോപ്പിൽ നിന്നുള്ള 35-ാമത് അംഗമാണ്. 2014ലാണ് സ്വിറ്റ്‌സർലൻഡിലെ ക്രിക്കറ്റ് അസോസിയേഷനായ ക്രിക്കറ്റ് സ്വിറ്റ്‌സർലൻഡ് (സി.എസ്) ആരംഭിച്ചത്. നിലവിൽ സജീവമായ 33 ക്രിക്കറ്റ് ക്ലബുകൾ അസോസിയേഷന് കീഴിലുണ്ട്. കൃത്യമായ ഇടവേളകളിൽ ആഭ്യന്തര ടൂർണമെൻറുകളും അവർ സംഘടിപ്പിക്കുന്നുണ്ട്.

2007 മുതൽ മംഗോളിയൻ ക്രിക്കറ്റ് അസോസിയേഷൻ നിലവിലുണ്ടെങ്കിലും മംഗോളിയൻ സർക്കാരിന് കീഴിലുള്ള കായികവിനോദമായി ക്രിക്കറ്റിനെ അംഗീകരിച്ചത് 2018ലാണ്. പുരുഷ ക്രിക്കറ്റിനെക്കാൾ ഉപരി വനിത ക്രിക്കറ്റിനാണ് മംഗോളിയയിൽ പ്രചാരം കൂടുതൽ.

2011 ലാണ് തജികിസ്ഥാൻ ക്രിക്കറ്റ് ഫെഡറേഷൻ ഉണ്ടായത്. നിലവിൽ 22 പുരുഷ ടീമുകളും 15 വനിത ടീമുകളും അസോസിയേഷന് കീഴിലുണ്ട്. അതേസമയം സാംബിയയുടെ ഐ.സി.സി അംഗത്വം നഷ്ടമായി. ഐ.സി.സി നിബന്ധനകൾ പാലിക്കാത്തതിനാലാണ് സാംബിയയുടെ അംഗത്വം നഷ്ടമായത്.

Tags:    
News Summary - Switzerland Tajikistan And Mongolia The Newest Member Nations In ICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.