മുംബൈ ബൗളർ മോഹിത് അവസ്തിയെ സിക്സറിന് പറത്തുന്ന സൽമാൻ നിസാർ

മുംബൈ മഹിമയെ മലർത്തിയടിച്ച് മലയാളത്തിന്റെ ചോരത്തിളപ്പ്; തകർത്തുവാരി നിസാറും രോഹനും, മുഷ്താഖ് അലി ട്രോഫിയിൽ സ്വപ്നവിജയം

ഹൈദരാബാദ്: ശ്രേയസ് അയ്യർ, പൃഥ്വി ഷാ, അജിൻക്യ രഹാനെ, ഷാർദുൽ താക്കൂർ...ഇന്ത്യൻ ക്രിക്കറ്റിലെ പ്രഗല്ഭ താരങ്ങളുടെ അക്ഷയഖനിയായ മുംബൈയുടെ പകിട്ടും പാരമ്പര്യവും പോരാട്ടവീര്യവുമൊക്കെ മലയാളത്തിന്റെ ചോരത്തിളപ്പിനുമുമ്പിൽ മുട്ടുമടക്കി. ദേശീയ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ രാജ്യത്തെ ക്രിക്കറ്റ് പവർഹൗസായ മുംബൈയെ കേരളത്തിന്റെ ചുണക്കുട്ടികൾ മലർത്തിയടിച്ചത് 43 റൺസിനാണ്. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ മുംബൈയുടെ മറുപടി ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 191 റൺസിലൊതുങ്ങി.

സൽമാൻ നിസാറും (49 പന്തിൽ പുറത്താകാതെ 99) രോഹൻ കുന്നുമ്മലും (48 പന്തിൽ 87) ആണ് കേരളത്തിനുവേണ്ടി തകർത്തടിച്ചത്. നാലു വിക്കറ്റെടുത്ത എം.ഡി. നിധീഷിന്റെ നേതൃത്വത്തിൽ ബൗളർമാരും അവസരത്തിനൊത്തുയർന്നപ്പോൾ മുംബൈ ആയുധംവെച്ച് കീഴടങ്ങുകയായിരുന്നു. 

രോഹൻ കുന്നമ്മൽ, സൽമാൻ നിസാർ, എം.ഡി. നിധീഷ്

ഓപണറായിറങ്ങിയ സഞ്ജു സാംസൺ ഇന്നിങ്സിലെ ആദ്യ നാലു പന്തിൽ നാലുറൺസെടുത്ത് പുറത്തായി. ഷാർദുലിന്റെ പന്തിൽ സഞ്ജു ക്ലീൻബൗൾഡാവുകയായിരുന്നു. മൂന്നാമനായെത്തിയ മുഹമ്മദ് അസ്ഹറുദ്ദീനും (എട്ടു പന്തിൽ 13) എളുപ്പം മടങ്ങി. പ്രതിസന്ധി ഘട്ടത്തിൽ തുണയാവാറുള്ള വിശ്വസ്തൻ സചിൻ ബേബി നാലു പന്തിൽ ഏഴു റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് പിന്മാറിയത് കേരളത്തിന് തിരിച്ചടിയായി. എന്നാൽ, ഇതിനു പിന്നാലെ കേരളത്തിനുവേണ്ടി തകർപ്പൻ കൂട്ടുകെട്ട് പിറവിയെടുക്കുകയായിരുന്നു.

സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും കേളികേട്ട മുംബൈ ബൗളിങ്ങിനെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ​പ്പോൾ അത് അതിശയക്കാഴ്ചയായി. ബാറ്റിങ് വിസ്​ഫോടനത്തിന്റെ രസക്കാഴ്ചകൾ പകർന്നു നൽകിയ ഇന്നിങ്സിൽ സൽമാൻ നിസാർ അഞ്ചു ഫോറും എട്ടു പടുകൂറ്റൻ സിക്സുമുതിർത്തപ്പോൾ രോഹന്റെ ബാറ്റിൽനിന്ന് ലക്ഷണമൊത്ത അഞ്ചു ഫോറും ഏഴു സിക്സും പിറവിയെടുത്തു. ഇന്ത്യൻ ബൗളറെന്ന മഹിമയോടെ പന്തെറിഞ്ഞ ഷാർദുലിന് സഞ്ജുവിനെ പുറത്താക്കിയതിന്റെ ആഹ്ലാദമൊക്കെ മാറി പതിയെ അതിപ്രഹരത്തിന്റെ നാണക്കേടായി. നാലോവറിൽ 69 റൺസാണ് ഷാർദുൽ വഴങ്ങിയത്. ഓവറിൽ ശരാശരി 17.25 റൺസ്!

17.1 ഓവറിൽ സ്കോർ 180ലെത്തിയപ്പോൾ രോഹൻ വീണു. മോഹിത് അവസ്തിയുടെ പന്തിൽ തനുഷ് കോട്ടിയാന് ക്യാച്ച്. പിന്നീടെത്തിയ വിഷ്ണു വിനോദ് നേരിട്ട ആദ്യപന്ത് സിക്സർ പറത്തിയശേഷം അടുത്ത പന്തിൽ അവസ്തിക്ക് വിക്കറ്റ് സമ്മാനിച്ചു. ഇക്കുറി രഹാനെയാണ് ക്യാച്ചെടുത്തത്. അബ്ദുൽ ബാസിത് പൂജ്യത്തിന് പുറത്തായശേഷം അവസാന ഘട്ടത്തിൽ എം. അജിനാസിനെ (അഞ്ചു പന്തിൽ ഏഴ് നോട്ടൗട്ട്) കൂട്ടുപിടിച്ച് നിസാർ ഗംഭീര ടോട്ടലിലേക്ക് ടീമിനെ നയിക്കുകയായിരുന്നു.


മറുപടി ബാറ്റിങ്ങിൽ പൃഥി ഷായും അംക്രിഷ് രഘുവംശിയും ചേർന്ന് മുംബൈക്ക് തരക്കേടില്ലാത്ത തുടക്കം നൽകിയിരുന്നു. ടീം സ്കോർ 31ൽ നിൽക്കെ നാലാം ഓവറിലെ രണ്ടാം പന്തിൽ എം.ഡി. നിധീഷിന്റെ ഇരയായി ഷാ മടങ്ങി. 13 പന്തിൽ രണ്ടു വീതും ഫോറും സിക്സുമടക്കം 23 റൺസെടുത്ത മുൻ ഇന്ത്യൻ താരത്തെ അജിനാസാണ് കൈകളിലൊതുക്കിയത്. 15 പന്തിൽ 16 റൺസെടുത്ത രഘുവംശിയെയും നിധീഷ് പുറത്താക്കി. ഇക്കുറി ബാസിതിനായിരുന്നു ക്യാച്ച്.

തുടർന്ന് ശ്രേയസ് അയ്യരും രഹാനെയും ചേർന്ന പരിചയസമ്പന്ന ജോടിയിൽ മുംബൈക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, മികച്ച തുടക്കം കിട്ടി മുന്നേറുകയായിരുന്ന അയ്യരെ ബാസിത് തിരിച്ചയച്ചു. 18 പന്തിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 32 റൺസായിരുന്നു അയ്യരുടെ സമ്പാദ്യം. ഷംസ് മുലാനിയും (അഞ്ച്) സൂര്യാംശ് ഷെഡ്ജെയും (ഒമ്പത്) എളുപ്പം പുറത്തായെങ്കിലും മറുതലക്കൽ ആഞ്ഞടിച്ച രഹാനെയാണ് കേരളത്തിന് ഭീഷണി ഉയർത്തിയത്.

35 പന്തിൽ അഞ്ചു ഫോറും നാലു സിക്സുമടക്കം 68 റൺസിലെത്തിയ രഹാനെയെ 18-ാം ഓവറിലെ ആദ്യപന്തിൽ വിനോദ് കുമാറിന്റെ പന്തിൽ അജിനാസ് പിടികൂടിയതോടെ കേരളത്തിന്റെ പ്രതീക്ഷ കനത്തു. ഹാർദിക് തമോറെ (13 പന്തിൽ 23), ഷാർദുൽ താക്കൂർ (മൂന്ന്), മോഹിത് അവസ്തി (ഒന്ന്) എന്നിവരും പുറത്തായതോടെ കേരളത്തിന്റെ സ്വപ്നവിജയം സാക്ഷാത്കൃതമായി. സൽമാൻ നിസാറാണ് ​​െപ്ലയർ ഓഫ് ദ മാച്ച്.  2021ൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറി മികവിലും മുഷ്താഖ് അലി ട്രോഫിയിൽ കേരളം മുംബൈയെ വീഴ്ത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.