ഈ വർഷം നവംബറിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ട്വന്‍റി20 പരമ്പര കളിക്കും. ക്രിക്കറ്റ് സൗത് ആഫ്രിക്കയും (സി.എസ്.എ) ബി.സി.സി.ഐയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടിന് ഡർബനിലാണ് ആദ്യ മത്സരം. 10ന് ക്യൂബെറ, 13ന് സെഞ്ചൂറിയൻ, 15ന് ജോഹന്നാസ്ബർഗ് എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന് ബി.സി.സി.ഐ നൽകുന്ന പിന്തുണക്ക് സി.എസ്.എ ചെയർപേഴ്സൺ ലോസൺ നയ്ഡൂ നന്ദി പറഞ്ഞു. നമ്മുടെ നാട്ടിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഏതൊരു പര്യടനവും സൗഹൃദവും ആവേശവും നിറഞ്ഞതാണ്, ഇരു ടീമുകളിലെയും പ്രതിഭകൾ അണിനിരക്കുന്ന ഈ പരമ്പരക്കായി തങ്ങളുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ആഴമേറിയതും ശക്തവുമായ ബന്ധം പങ്കിടുന്നതായും അതിൽ ഇരു രാജ്യങ്ങളും അഭിമാനിക്കുന്നതായും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ദക്ഷിണാഫ്രിക്കൻ ആരാധകരിൽനിന്ന് ലഭിക്കുന്ന സ്നേഹവും അഭിനന്ദനവും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.