ന്യൂഡൽഹി: ഐ.പി.എൽ നടപ്പുവർഷത്തിൽ ഏറ്റവും കൂടുതൽ റൺസുകൾ വാരിക്കൂട്ടിയ വിരാട് കോഹ്‌ലി ഓറഞ്ച് ക്യാപ്പ് അണിയുന്നുണ്ടെങ്കിലും അതിന് വേണ്ടത്ര പകിട്ടില്ലെന്ന വിമർശനം തുടരുകയാണ്. ട്വന്റി 20 പോലുള്ള അതിവേഗ ക്രിക്കറ്റിന് ചേർന്ന സ്ട്രൈക്ക് റേറ്റില്ലാതെ റൺസുകൾ നേടുന്നുവെന്നതാണ് വിമർശനത്തിന് കാരണം. തന്റെ ടീം ലീഗ് ടേബ്ളിൽ അവസാന സ്ഥാനത്ത് തുടരുമ്പോഴും ഓറഞ്ച് ക്യാപ്പിന് വേണ്ടി കളിക്കുന്നുവെന്ന ആക്ഷേപമാണ് കോഹ്‌ലി വിമർശകർ ഉയർത്തുന്നത്.
എന്നാൽ, കോഹ്‌ലിയുടെ സ്ലോ ബാറ്റിങ് പ്രകടനത്തനെ വിമർശിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കറും രംഗത്തെത്തി. വ്യാഴാഴ്ച സൺറൈസേഴ്സിനെതിരായ മത്സരത്തിൽ കോഹ്ലി അർധസെഞ്ച്വറി നേടിയിരുന്നു. എന്നാൽ 43 പന്തിലാണ് കോഹ്‌ലി 51 റൺസെടുത്തത്. ട്വന്റി 20 ക്രിക്കറ്റിൽ വേണ്ട സ്ട്രൈക്ക് റേറ്റ് അല്ല കോഹ്ലിയുടേതെന്നും 14 ഓവർ വരെ ബാറ്റുചെയ്ത കോഹ്ലി ആകെ നേടിയത് 51 റൺസാണെന്നും സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമായിരുന്നുവെന്നുമാണ് ഗവാസ്കറിന്റെ വിമർശനം.
" കളിയുടെ മധ്യത്തിൽ, അയാൾക്ക് താളം നഷ്ടപ്പെട്ടതായി തോന്നുന്നു. 31-32 മുതൽ പുറത്താകുന്നത് വരെ അവൻ ഒരു ബൗണ്ടറി അടിച്ചില്ലെന്ന് ഞാൻ കരുതുന്നു. ഇന്നിംഗ്‌സിൻ്റെ തുടക്കം മുതൽ ക്രീസിലുണ്ടായിട്ട് 14-ാം ഓവറിലോ 15-ാം ഓവറിലോ പുറത്താവുമ്പോൾ നിങ്ങളുടെ സ്ട്രൈക്ക് റേറ്റ് 118 മാത്രമാണ്. ഇതല്ല നിങ്ങളിൽ നിന്ന് ടീം പ്രതീക്ഷിക്കുന്നത്." - ഗവാസ്കർ തുറന്നടിച്ചു.
ആദ്യ 18 പന്തിൽ 32 റൺസ് നേടിയ കോഹ്‌ലി പിന്നീട് 25 ബോളിൽ നിന്ന് 19 റൺസ് മാത്രമാണ് എടുത്തത്. നാലാമനായി ക്രീസിൽ വന്ന രജത് പട്ടിദാർ 19 പന്തിൽ അർധ സെഞ്ച്വറി നേടുമ്പോൾ നോൺ സ്ട്രൈക്കിങ് എൻഡിൽ കോഹ്‌ലി ഉണ്ടായിരുന്നു.
മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു 35 റൺസിന് വിജയിച്ചിരുന്നു. തുടർ തോൽവികൾക്കൊടുവിൽ ബംഗളൂരു നേടുന്ന ആശ്വാസ ജയമായിരുന്നു. എട്ടു മത്സരങ്ങളിൽ ഏഴും തോറ്റ ബംഗളൂരു ഒൻപതാം മത്സരത്തിലാണ് ജയത്തോടെ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.