ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ബാറ്റിങ് പ്രകടനം തുടരുന്ന സർഫറാസ് ഖാനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരിക്കുന്നതിന് വിചിത്ര ന്യായവുമായി ബി.സി.സി.ഐ കേന്ദ്രങ്ങൾ. താരത്തിന്റെ ഫിറ്റ്നസ് ലെവലും ഫീൽഡിന് പുറത്തെ പെരുമാറ്റവുംകൂടി വെസ്റ്റിൻഡീസ് പര്യടനത്തിലുള്ള ടെസ്റ്റ് സംഘത്തിൽ ഇടംലഭിക്കാതിരിക്കാൻ കാരണമായെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. തുടർച്ചയായ സീസണുകളിൽ 900 റൺസിലപ്പുറം സ്കോർ ചെയ്യുന്ന ബാറ്ററെ കണ്ടില്ലെന്ന് നടിക്കാൻ സെലക്ടർമാർ വിഡ്ഢികളല്ലെന്നും നിലവിലെ സാഹചര്യത്തിൽ സർഫറാസിന് ടീമിലിടം ലഭിക്കുക പ്രയാസമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
വിൻഡീസ് പര്യടനത്തിലും സർഫറാസ് ഖാനെ അവഗണിച്ചതിനെതിരെ ഇതിഹാസതാരം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്നാണ് ബി.സി.സി.ഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ‘‘രൂക്ഷ പ്രതികരണങ്ങൾ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ക്രിക്കറ്റ് മാത്രമല്ല സർഫറാസിനെ പരിഗണിക്കാത്തതിന് പിന്നിലെന്ന് എനിക്ക് പറയാൻ കഴിയും. ഒന്നിലധികം കാരണങ്ങളുണ്ട്. ഫിറ്റ്നസ് അന്താരാഷ്ട്ര നിലവാരമുള്ളതല്ല. ഇക്കാര്യത്തിൽ താരം കഠിനാധ്വാനം ചെയ്യണം. ശരീരഭാരം കുറക്കുകയും മെലിഞ്ഞും ഫിറ്ററുമായി തിരിച്ചുവരുകയും ചെയ്യാം. ഫീൽഡിനകത്തും പുറത്തും സുഖകരമായ പെരുമാറ്റമല്ല സർഫറാസിന്റെതെന്നാണ് അനുഭവങ്ങൾ. പിതാവും പരിശീലകനുമായ നൗഷാദ് ഖാനുമായി ചേർന്ന് ഇക്കാര്യങ്ങളിൽകൂടി സർഫറാസ് ശ്രദ്ധപതിപ്പിക്കണം’’ -ഇദ്ദേഹം തുടർന്നു.
ഐ.പി.എല്ലിൽ നിറംമങ്ങിയതും ഷോർട്ട് ബാളിനെതിരായ ബലഹീനതയുമാണോ താരത്തെ അകറ്റാൻ കാരണമെന്ന ചോദ്യത്തിന് അത് മാധ്യമങ്ങൾ നിർമിച്ച ധാരണയാണെന്നായിരുന്നു മറുപടി. നിലവിലെ സാഹചര്യം നോക്കുക. അഞ്ചാം നമ്പറിൽ അജിൻക്യ രഹാനെയുണ്ട്. ലോക ചാമ്പ്യൻഷിപ് ഫൈനലിൽ റിസർവ് താരങ്ങളായിരുന്നു സൂര്യകുമാർ യാദവും യശസ്വി ജയ്സ്വാളും. ആദ്യ പരിഗണന ഋതുരാജ് ഗെയ്ക് വാദിന് നൽകണം. പിന്നെ എങ്ങനെയാണ് സർഫറാസിനെ ഉൾപ്പെടുത്തുകയെന്ന് ഇദ്ദേഹം ചോദിച്ചു. മൂന്ന് രഞ്ജി സീസണുകളിൽ മുംബൈക്കായി 79.65 ശരാശരിയിൽ 2566 റൺസ് സ്കോർ ചെയ്ത താരമാണ് 25കാരനായ സർഫറാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.