2019ലെ ​ലോ​ക​കി​രീ​ട​വു​മാ​യി ഒ​യി​ൻ മോ​ർ​ഗ​നും സം​ഘ​വും

''ഒരു ഐറിഷ് സ്കൂൾ വിദ്യാർഥി സാധാരണഗതിയിൽ പങ്കുവെക്കുന്ന സ്വപ്നമല്ലായിരുന്നു അത്. 14 കാരനായ ഒയിൻ തന്റെ സ്വപ്നം ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുകയാണെന്നത് തീർത്തുപറഞ്ഞു. അന്ന് അത്ഭുതം തോന്നിയെങ്കിലും അവന്റെ കഠിനാധ്വാന ശീലം നന്നായറിയുന്ന എനിക്ക് അവൻ ആ ലക്ഷ്യം നേടുമെന്നത് ഉറപ്പായിരുന്നു'' -കായികാധ്യാപകനായ സ്റ്റീഫൻ ടോങ്ക് ഒയിൻ മോർഗനെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.

അയർലൻഡിലെ ഒരു സ്കൂൾ വിദ്യാർഥി ക്രിക്കറ്റ് താരമാകണമെന്ന് പറയുന്നതുതന്നെ അപൂർവമാണ്. ഇംഗ്ലണ്ടിനായി കളിക്കുമെന്ന് പറയുന്നത് അസാധാരണവും. എങ്കിലും തന്റെ സ്വപ്നം അതുതന്നെയാണെന്ന് ആ 14 കാരൻ കായികാധ്യാപകനോട് തീർത്തുപറഞ്ഞു. 1800കളുടെ അവസാനം വരെ അയർലൻഡിൽ ക്രിക്കറ്റുണ്ടായിരുന്നു. പക്ഷേ ബ്രിട്ടനുമായുള്ള നിരന്തര സംഘട്ടനങ്ങൾ അതിനെ മായ്ച്ചുകളഞ്ഞിരുന്നു. ഒരുവേള നിരോധനത്തിലുമെത്തി. ഗെയ്‍ലിക് ഫുട്ബാൾ രാജ്യത്തെയാകെ വിഴുങ്ങിയപ്പോഴും ഡബ്ലിൻ നഗരത്തിന്റെ ഒരു മൂലയായ ഫിൻഗലിൽ മാത്രം ക്രിക്കറ്റ് വേരുണങ്ങിയില്ല. ഇംഗ്ലീഷ് ഭൂവുടമകൾ പകർന്നുകൊടുത്ത ക്രിക്കറ്റ് പാഠങ്ങൾ അവിടെ മുറിച്ചുമാറ്റാത്ത വിധം വളർന്നിരുന്നു.

സ്കൂൾ ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾക്ക് ശേഷം അവധിക്കാലങ്ങളിൽ കൗണ്ടി ക്ലബുകളിൽ പരിശീലനത്തിനെത്തിയപ്പോഴേ മോർഗൻ തന്റെ സ്വപ്നം മനസ്സിൽ കുറിച്ചിരുന്നു. ഇംഗ്ലണ്ടിനായി കളിക്കണം. മാത്രമല്ല, അമ്മയുടെ നാടുമാണ്. ഐറിഷ് ജൂനിയർ ടീമുകൾക്കായി കളിച്ചുതുടങ്ങിയ മോർഗന് ദേശീയകുപ്പായമണിയാൻ അധികം കാത്തിരിക്കേണ്ടിവന്നില്ല.

ഐറിഷ് ടീമിലെ സ്റ്റാർ ബാറ്ററായിരുന്ന എഡ് ജോയ്സ് ഇംഗ്ലണ്ടിലേക്ക് കുടിയേറി കളിച്ചുതുടങ്ങിയിരുന്നത് മോർഗനിലെ സ്വപ്നത്തിന് ആക്കം കൂട്ടി. അതോടെ മോർഗൻ കൗണ്ടി ക്രിക്കറ്റിൽ സജീവമായിത്തുടങ്ങി. ഇംഗ്ലണ്ടിന്റെ സീനിയർ ബൗളറായിരുന്ന ആൻഡ്യൂ കാഡിക്കിനെ ലോർഡ്സിൽ അടിച്ചുപരത്തിയതോടെ സെലക്ടർമാരുടെ കണ്ണികളിലുമുടക്കി. ഇംഗ്ലീഷ് നായകനായിരുന്ന ആൻഡ്രൂ സ്ട്രോസിന്റെ പിന്തുണ കൂടിയായതോടെ 2010ൽ ഇംഗ്ലീഷ് കുപ്പായവുമണിഞ്ഞു.

ക്രിക്കറ്റ് കലണ്ടറുകൾ മാറിമറിഞ്ഞു. തുടർച്ചയായ പരാജയങ്ങളിൽ മടുത്ത ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അലിസ്റ്റർ കുക്കിനെ മാറ്റി മോർഗനെ ടീം നായകനാക്കി. 2015 ലോകകപ്പിന് രണ്ടുമാസം മുമ്പായിരുന്നു അത്. മോർഗന്റെ കൈയിൽ മാന്ത്രികവടിയൊന്നുമില്ലായിരുന്നു. ലോകകപ്പ് ഗ്രൂപ്പിൽ ആറിൽ നാലും തോറ്റ് നാണം കെട്ട മടക്കം. നിർണായക മത്സരത്തിൽ ബംഗ്ലാദേശിനോടേറ്റ തോൽവി ഇംഗ്ലീഷ് അഭിമാനത്തെ നന്നായി മുറിവേൽപിച്ചു. തലകൾ വീണ്ടും ഉരുണ്ടെങ്കിലും ബോർഡ് തലപ്പത്തേക്ക് എത്തിയ ആൻഡ്രൂ സ്ട്രോസ് മോർഗനിൽ വിശ്വസിച്ചു. കൂട്ടായി പരിശീലകവേഷത്തിൽ ട്രെവർ ബെയ്‍ലിസുമെത്തി.

ഫുട്ബാൾ ഒഴിയുന്ന വേനൽക്കാലങ്ങളിൽ വിരുന്നെത്തുന്ന ടെസ്റ്റ് മത്സരങ്ങളെ മാത്രം ഗൗരവമായിക്കണ്ടിരുന്ന ഇംഗ്ലീഷ് ക്രിക്കറ്റിനെ ഇരുവരും അടിമുടി പരിഷ്കരിച്ചു. ഐ.പി.എൽ അടക്കമുള്ള ട്വന്റി 20 ലീഗുകളിലേക്ക് ഇംഗ്ലീഷ് താരങ്ങൾ പോയിത്തുടങ്ങി. കോപ്പിബുക്ക് ബാറ്റർമാരെ മാറ്റി നിർത്തി ജോസ് ബട്‍ലർ, ബെൻസ്റ്റോക്സ് അടക്കമുള്ള മാച്ച് വിന്നർമാർക്ക് കൂടുതൽ ഇടം നൽകിയത് വഴിത്തിരിവായി. 2016 ട്വന്റി20 ലോകകപ്പിൽ കലാശപ്പോരിലിടം പിടിച്ചെങ്കിലും അവിശ്വസനീയമായി കാർലോസ് ബ്രാത് വെയ്റ്റ് കിരീടം തട്ടിയെടുത്തപ്പോൾ ചുവന്നുതുടുത്ത മുഖവുമായി മൈതാനം വിടാനായിരുന്നു മോർഗന്റെ വിധി.

2017 ചാമ്പ്യൻസ് ട്രോഫിയിലും ഫേവറിറ്റുകളായിരുന്നെങ്കിലും സെമിയിൽ പാകിസ്താന് മുന്നിൽ കീഴടങ്ങി. തളർന്നില്ല, 250 കടന്നാൽ ധാരാളം എന്നുകരുതിയിരുന്ന ഇംഗ്ലീഷ് ടീമിനെ 500 എന്ന സ്വപ്നത്തിലേക്ക് ബാറ്റുവീശിച്ചു. 2019 ലോകകപ്പിൽ ഒന്നാം ഫേവറിറ്റുകളായാണ് സ്വന്തം മണ്ണിൽ ഇംഗ്ലീഷ് ടീം ഇറങ്ങിയത്. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ കലാശപ്പോരിനൊടുവിൽ ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് ടീം ഏകദിന ലോകകപ്പ് നെഞ്ചൊടടുക്കി.

വിജയവും ആഘോഷങ്ങളും ഇംഗ്ലണ്ടിൽ ക്രിക്കറ്റിന്റെ പ്രചാരം തന്നെ വീണ്ടെടുത്തു. ഒരുവർഷമായി ബാറ്റിങ്ങിൽ താളം കണ്ടെത്താതെ വിഷമിച്ചിരുന്ന മോർഗൻ പാഡഴിക്കുന്നത് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഏകദിന ടോപ് സ്കോററായാണ്. എങ്കിലും ഇംഗ്ലീഷ് പൈതൃകത്തിന്റെ ഭാഗമായ ടെസ്റ്റ് മത്സരങ്ങളിലോ ആഷസിലോ മോർഗൻ ഒന്നുമായില്ല. അതുകൊണ്ടുതന്നെ വാഴ്ത്തപ്പെട്ടവനാകാനുമിടയില്ല.   

Tags:    
News Summary - The Irish Revolution in English Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.