ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യിൽ വെടിക്കെട്ട് അർധസെഞ്ച്വറിയുമായി അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷാൻ കിഷനെ (32 പന്തിൽ 56) അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വന്‍റി20 അരങ്ങേറ്റത്തിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായ കിഷനെ വാഴ്ത്തി നിരവധി മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി.
അതിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്‍റെ ട്വീറ്റാണ് ശ്രദ്ധയാകർശിക്കുന്നത്. ഝാർഖണ്ഡുകാരനായ കിഷനെ നാട്ടുകാരൻ കൂടിയായ മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയുമായാണ് സേവാഗ് താരതമ്യം ചെയ്തത്.
ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നേടി വന്ന് ഹൃദയം കീഴടക്കിയ ധോണിയുടെ അതേ മാതൃകയിലാണ് ഓപണറായെത്തി ഇഷാൻ കിഷൻ അവസരം മുതലാക്കിയത്.
'ഝാർഖണ്ഡിൽ നിന്നുള്ള ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നേടി വന്ന് കഴിവ് തെളിയിക്കുന്നു. ഇത് തന്നെയാണ് മുമ്പും സംഭവിച്ചത്. ഭയാശങ്കകളില്ലാത്ത, ആക്രമണോത്സുകമാർന്ന ഇഷാന്‍റെ ബാറ്റിങ് ഇഷ്ടപ്പെട്ടു' -സേവാഗ് എഴുതി.
മുൻ താരങ്ങളായ വി.വി.എസ് ലക്ഷ്മൺ, യുവരാജ് സിങ്, മൈക്കൽ വോൺ, ഇർഫാൻ പത്താൻ, മുഹമ്മദ് കൈഫ്, ആർ.പി. സിങ് എന്നിവർ കിഷന് അഭിനന്ദനങ്ങളുമായെത്തി.
മികച്ച ബൗളിങ് പ്രകടന മികവിൽ ഇന്ത്യ ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിനെ ആറിന് 164 എന്ന സ്കോറിൽ ഒതുക്കി. മറുപടി ബാറ്റിങ്ങിൽ രണ്ടാം വിക്കറ്റിൽ 94 റൺസ് ചേർത്ത കിഷൻ-വിരാട് കോഹ്ലി സഖ്യം ഇന്ത്യൻ വിജയത്തിന് അടിത്തറ പാകി. നാലമനായിറങ്ങിയ ഋഷഭ് പന്ത് (13 പന്തിൽ 26) കൂടി കത്തിക്കയറിയതോടെ 13 പന്തുകൾ ശേഷിക്കേ ഇന്ത്യ ഏഴുവിക്കറ്റിന് വിജയിച്ചു
ഫൈൻ ലെഗിലൂടെ സിക്സർ പറത്തിയാണ് കോഹ്ലി (73 നോട്ടൗട്ട്) ഇന്ത്യയെ പരമ്പരയിൽ ഒപ്പമെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.