‘അവിശ്വസനീയം’; ഇന്ത്യൻ ടീം തീരുമാനത്തിനെതിരെ രോഷാകുലനായി സുനിൽ ഗവാസ്കർ

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ നായകൻ കെ.എൽ. രാഹുൽ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ ആരാധകരാണ് ശരിക്കും ഞെട്ടിയത്. ഒന്നാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായ കുൽദീപ് യാദവ് 11 അംഗ ടീമിലില്ല. ധാക്ക പിച്ചിൽ മൂന്ന് ഫാസ്റ്റ് ബൗളർമാരെ കളിപ്പിക്കാനായിരുന്നു ടീം മാനേജ്മെന്‍റിന്‍റെ തീരുമാനം.

കെ.എൽ. രാഹുലിനെതിരെയും പരിശീലകൻ രാഹുൽ ദ്രാവിഡിനെതിരെയുമാണ് ആരാധകർ ഇതിന്‍റെ രോഷം തീർത്തത്. ഒന്നാം ടെസ്റ്റിൽ എട്ടു വിക്കറ്റാണ് കുൽദീപ് വീഴ്ത്തിയത്. കുൽദീപിനെ പുറത്തിരുത്താനുള്ള തീരുമാനത്തോട് അവിശ്വസനീയം എന്നാണ് ഇന്ത്യൻ ബാറ്റിങ് മുൻ ഇതിഹാസം സുനിൽ ഗവാസ്കർ പ്രതികരിച്ചത്. അവിശ്വസനീയം എന്ന ശക്തമായ വാക്ക് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നും തൽക്കാലം അതിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു മാൻ ഓഫ് ദ മാച്ചിനെ ഒഴിവാക്കുന്നത് അവിശ്വസനീയമാണ്. എനിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒരേയൊരു വാക്ക് അതാണ്. കൂടുതൽ ശക്തമായ വാക്കുകൾ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ 20 വിക്കറ്റിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ഒരു മാൻ ഓഫ് ദ മാച്ചിനെ നിങ്ങൾ ഒഴിവാക്കി എന്നത് അവിശ്വസനീയമാണ്’ -ഗവാസ്കർ സോണി സ്പോർട്സ് നെറ്റ്‍വർക്കിൽ പറഞ്ഞു.

ടീമിൽ രണ്ടു സ്പിന്നർമാരുണ്ട് (അക്സർ പട്ടേലും ആർ. അശ്വിനും). ഇതിൽ ഒരാളെ ഒഴിവാക്കാമായിരുന്നെന്നും ഗവാസ്കർ പ്രതികരിച്ചു. കുൽദീപിനു പകരം ജയ്ദേവ് ഉനദ്കട്ടിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. നീണ്ട 12 വർഷത്തിനുശേഷമാണ് ഉനദ്കട്ട് ടെസ്റ്റ് കളിക്കുന്നത്.

Tags:    
News Summary - Unbelievable', Angry Sunil Gavaskar slams KL Rahul and Rahul Dravid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.