ദ്രാവിഡിനെ മറികടന്ന് കോഹ്ലി! മുന്നിൽ സചിനും സെവാഗും മാത്രം

ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരമായി സൂപ്പർബാറ്റർ വിരാട് കോഹ്ലി.

സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലാണ് താരം നേട്ടം കൈവരിച്ചത്. ഇന്ത്യൻ ടീമിന്‍റെ പരിശീലകനും മുൻ താരവുമായ രാഹുൽ ദ്രാവിഡിനെയാണ് കോഹ്ലി മറികടന്നത്. 16 റൺസ് മതിയായിരുന്നു കോഹ്ലിക്ക് ദ്രാവിഡിനെ മറികടന്ന് മൂന്നാമതെത്താൻ. മത്സരത്തിൽ 64 പന്തിൽ 38 റൺസെടുത്താണ് കോഹ്ലി പുറത്തായത്. റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ കൈൽ വെരെയ്ന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഇതോടെ പ്രോട്ടീസിനെതിരെ ഇതുവരെ കളിച്ച 15 ടെസ്റ്റിൽ കോഹ്ലിയുടെ റൺ സമ്പാദ്യം 1274 ആയി. 21 ടെസ്റ്റുകളിൽ 1252 റൺസാണ് ദ്രാവിഡ് നേടിയത്.

ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറും വീരേന്ദർ സെവാഗും മാത്രമാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്. ഈ പരമ്പരയിൽ തന്നെ കോഹ്ലിക്ക് സെവാഗിനെ മറികടക്കാനാകും. രണ്ടാമതുള്ള സെവാഗിന്‍റെ പേരിൽ 1306 റൺസാണുള്ളത്. 1741 റൺസുമായി സചിനാണ് ഒന്നാമത്. നിലവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ 46.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തിട്ടുണ്ട്.

ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഗിസോ റബാദയുടെയും നാന്ദ്രെ ബർഗറിന്‍റെയും തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യൻ മുൻനിര ബാറ്റിങ്ങിനെ തകർത്തത്. ലോകകപ്പിനുശേഷം ടീമിൽ മടങ്ങിയെത്തിയ നായകൻ രോഹിത് ശർമ നിരാശപ്പെടുത്തി. അഞ്ചു റൺസെടുത്ത താരം കഗിസോ റബാദയുടെ പന്തിൽ നാന്ദ്രെ ബർഗറിന് ക്യാച്ച് നൽകി മടങ്ങി. മറ്റൊരു ഓപ്പണർ യശസ്വി ജയ്സ്വാൾ 37 പന്തിൽ 17 റൺസെടുത്ത് പുറത്തായി. ശുഭ്മൻ ഗില്ലിനും നിലയുറപ്പിക്കാനായില്ല. രണ്ടു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 11.1 ഓവറിൽ 24 റൺസ് കൂടിച്ചേർക്കുന്നതിനിടെയാണ് ഇന്ത്യയുടെ മൂന്നു മുൻനിര ബാറ്റർമാർ പുറത്തായത്. വലിയ തകർച്ചയെ നേരിട്ട ഇന്ത്യയെ സൂപ്പർബാറ്റർ വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും ചേർന്നാണ് മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

ലഞ്ചിനു പിരിയുമ്പോൾ 26 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന നിലയിലായിരുന്നു. പിന്നാലെ 50 പന്തിൽ 31 റൺസെടുത്ത ശ്രേയസിനെ റബാദ ക്ലീൻ ബൗൾഡാക്കി. അധികം വൈകാതെ കോഹ്ലിയും മടങ്ങി. 64 പന്തിൽ 38 റൺസെടുത്ത കോഹ്ലിയും റബാദയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. എട്ടു റൺസെടുത്ത ആർ. അശ്വിനും പുറത്തായി.

Tags:    
News Summary - Virat Kohli Breaks Coach Rahul Dravid's Massive Record In South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.