ന്യൂഡൽഹി: വിമർശനങ്ങളും കുത്തുവാക്കുകളും നിറഞ്ഞ ആയിരത്തിലേറെ ദിനങ്ങൾക്കൊടുവിൽ ആ ബാറ്റിൽനിന്ന് സെഞ്ച്വറിത്തിളക്കത്തിലേക്ക് റണ്ണുകൾ ഒഴുകിപ്പരന്നു. ഫോമിലേക്ക് തിരിച്ചുവരുന്നുവെന്ന് സൂചനകൾ നൽകിയ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ വിരാട് കോഹ്‍ലി വിശ്വരൂപം പുറത്തെടുത്തു. അഫ്ഗാനിസ്ഥാനെതിരെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പുറത്താകാതെ 122 റൺസെടുത്ത് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ വിരാട് കത്തിക്കയറിയപ്പോൾ ആരാധകർക്ക് ആഹ്ലാദിക്കാനും ആഘോഷിക്കാനും അതേറെ വക നൽകി.
സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനനായ ബാറ്റ്സ്മാനാണ് കോഹ്‍ലി. സെഞ്ച്വറികളും അർധ സെഞ്ച്വറികളും അടിച്ചുകൂട്ടുന്നത് പതിവായി മാറിയ ആ കരിയറിൽ പക്ഷേ, മൂന്നു വർഷമായി കഷ്ടകാലമായിരുന്നു. ശതകങ്ങളിലേക്ക് അനായാസം കത്തിക്കയറിയ ഡൽഹിക്കാരന്റെ കുതിപ്പുകൾ സ്വിച്ചിട്ടെന്നപോലെ നിന്നു.
2019 നവംബർ 23ന് ബംഗ്ലാദേശിനെതിരെ കൊൽക്കത്തയിൽനടന്ന ഡേ-നൈറ്റ് ടെസ്റ്റിൽ സെഞ്ച്വറി നേടിയതിനുശേഷം രാജ്യാന്തര ക്രിക്കറ്റിൽ മൂന്നക്കം കടക്കാൻ കോഹ്‍ലിക്ക് സാധിച്ചിരുന്നില്ല. 70 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ താരമാണ് അടുത്തതിലേക്ക് കാലങ്ങളായി കാത്തിരുന്നത്. ഒടുവിൽ 1020 ദിവസങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വീണ്ടും വിരാട് വീരോചിതമായിത്തന്നെ നൂറു തികച്ചു, ഇന്ത്യ ഫൈനൽ കാണാതെ പുറത്തായ ശേഷമാണെങ്കിൽപോലും.
അഫ്ഗാനെതിരെ 53 പന്തിൽ നൂറുകടന്ന കോഹ്‍ലി 50ൽനിന്ന് 100ലെത്താൻ നേരിട്ടത് 21 പന്തു മാത്രം. തകർപ്പൻ ഫോമിൽ നിറഞ്ഞാടുന്ന പഴയ മികവോടെ തന്നെ ആ 34കാരൻ ഉജ്ജ്വലമായി മൈതാനം നിറഞ്ഞു. സ്ട്രോക്കുകളുടെ വൈവിധ്യങ്ങളാൽ ആ ഇന്നിങ്സ് പൂത്തുതളിർത്തു. ഒരു ബൗളറോടും ദയാദാക്ഷിണ്യം കാട്ടിയില്ല. മൈതാനത്തിന്റെ മുഴുവൻ ഭാഗങ്ങളിലൂടെയും ബാറ്റിന്റെ പ്രഹരശേഷിയറിഞ്ഞ പന്ത് അതിർവര തേടിപ്പറന്നു. നാളുകൾക്ക് ശേഷം പഴയ കോഹ്‍ലി അത്യുജ്വലമായി പുനഃരവതരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.