ഐ.പി.എൽ ഉദ്ഘാടന മത്സരത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ, സൂപ്പർ താരം വിരാട് കോഹ്ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനൊപ്പം ചേർന്നു. തിങ്കളാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ സഹതാരങ്ങൾക്കൊപ്പം പരിശീലനം നടത്തുന്ന കോഹ്ലിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു.
മുംബൈയിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് താരം ബംഗളൂരുവിലെത്തിയത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ലണ്ടനിലായിരുന്ന താരം കഴിഞ്ഞദിവസാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. വനിത പ്രീമിയർ ലീഗിൽ കിരീടം നേടിയ ബാംഗ്ലൂർ ടീം ക്യാപ്റ്റൻ സ്മൃതി മന്ഥാനയെ വിഡിയോ കാൾ വളിച്ച് താരം അഭിനന്ദനം അറിയിച്ചിരുന്നു. രണ്ടു മാസമായി താരം കളത്തിന് പുറത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിച്ചിരുന്നില്ല. ഇതിനിടെയാണ് തനിക്കും അനുഷ്കക്കും രണ്ടാമത്തെ കുഞ്ഞ് പിറന്ന വിവരം കോഹ്ലി വെളിപ്പെടുത്തിയത്.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ബാംഗ്ലൂരിന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ. മുൻ ഇന്ത്യൻ നായകരുടെ നേർക്കുനേർ പോരാട്ടത്തിന് കൂടിയാണ് ചെന്നൈ വേദിയാകുന്നത്. ഐ.പി.എല്ലിന്‍റെ തുടക്കകാലം മുതൽ കോഹ്ലി ബാംഗ്ലൂർ ടീമിനൊപ്പമാണ്. മൂന്നു തവണ ഫൈനൽ കളിച്ചിട്ടും ബംഗ്ലൂരിന് ഐ.പി.എൽ കിരീടം സ്വപ്നമായി തുടരുകയാണ്.
ഈ ഐ.പി.എൽ കോഹ്ലിയെ സംബന്ധിച്ചെടുത്തോളം ഏറെ നിർണായകമാണ്. യുവതാരങ്ങൾ കുട്ടിക്രിക്കറ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നതിനാൽ ട്വന്‍റി20യിൽ സജീവമല്ലാത്ത കോഹ്ലിയെ ട്വന്‍റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി (ബി.സി.സി.ഐ) അജിത് അഗാർക്കറിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ചർച്ച ചെയ്തതായാണ് വിവരം.
ഐ.പി.എല്ലിലെ പ്രകടനങ്ങൾകൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ആലോചന. ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്‍റി20 കളിച്ചത്. മത്സരത്തിൽ 29, 0 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോർ. രോഹിത് ശർമ ട്വന്‍റി20 ടീമിലുണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയതാണ്.
കോഹ്ലി, ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ് വെൽ എന്നിവർ തന്നെയാണ് ബാറ്റിങ്ങിലെ പ്രതീക്ഷകൾ. രജത് പാട്ടീദാറും എത്തുന്നത് ബാറ്റിങ്ങിന് കൂടുതൽ കരുത്ത് പകരും. പേസർമാരായ മുഹമ്മദ് സിറാജ്, അൽസാരി ജോസഫ്, യാഷ് ദയാൽ, ലോകീ ഫെർഗൂസൻ എന്നിവരുണ്ടെങ്കിലും ഇവരുടെ ഡെത്ത് ഓവർ പ്രകടനമാണ് ടീമിന് തലവേദനയാകുന്നത്. അനുഭവപരിചയമുള്ള ഒരു സ്പിൻ ബൗളറുടെ അഭാവവും ടീമിനെ വലക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.