‘വളരെ സവിശേഷമായത്, അതിനേക്കാൾ മികച്ചതായി ഒന്നുമില്ല’; വെസ്റ്റിൻഡീസിലെ പ്രിയപ്പെട്ട നിമിഷം ഓർത്തെടുത്ത് വിരാട് കോഹ്ലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിന് ബുധനാഴ്ച തുടക്കമാകും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ആസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് ടീം കളത്തിലിറങ്ങുന്നത്. 2023-25ലെ ലോക ചാമ്പ്യൻഷിപ് സൈക്കിളിൽ ഇന്ത്യയുടെ പോരാട്ടവും വെസ്റ്റിൻഡീസിനെതിരായ പരമ്പരയോടെ ആരംഭിക്കുകയാണ്.

വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാര, പേസർ മുഹമ്മദ് ഷമി തുടങ്ങിയവരില്ലാത്ത സംഘമാണ് വിൻഡീസിൽ പര്യടനം നടത്തുന്നത്. ബാറ്റർമാരായ യശസ്വി ജയ്‍സ്വാളും ഋതുരാജ് ഗെയ്ക്‍വാദും ടെസ്റ്റ് അരങ്ങേറ്റ പ്രതീക്ഷയിലാണ്. ഫോം കണ്ടെത്താൻ വലയുന്ന സീനിയർ താരങ്ങളുടെ ടെസ്റ്റ് ഭാവി തീരുമാനിക്കുന്നതിലും പരമ്പരയിലെ പ്രകടനം നിർണായകം. ഫോമിലേക്കെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൂപ്പർതാരം വിരാട് കോഹ്ലി.

ഇതിനിടെയാണ് കരീബിയൻ മണ്ണിലെ തന്‍റെ പ്രിയപ്പെട്ട ക്രിക്കറ്റ് ഓർമകൾ താരം ഓർത്തെടുക്കുന്നത്. 2016ൽ ആന്‍റിഗ്വയിൽ ഇതിഹാസതാരം സർ വിവിയൻ റിച്ചാർഡ്സിനെ സാക്ഷിയാക്കി നേടിയ ഇരട്ട സെഞ്ച്വറിയാണ് താരത്തിന്‍റെ മനസ്സിലേക്ക് ആദ്യമെത്തുന്നത്. റിച്ചാർഡ്സിന്‍റെയും സചിൻ തെണ്ടുൽക്കറിന്‍റെയും കടുത്ത ആരാധകനായിരുന്നു കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഇരട്ട സെഞ്ച്വറി അതിലൊരാളുടെ മുന്നിൽ നേടാനായത് സ്വപ്ന സാക്ഷാത്കാരമായാണ് താരം കാണുന്നത്.

‘എന്റെ പ്രിയപ്പെട്ട ഓർമ ആന്റിഗ്വയിലാണ്. സർ വിവിയൻ റിച്ചാർഡ്‌സിന് മുന്നിൽ ആന്റിഗ്വയിൽ ഞാൻ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ഇരട്ട സെഞ്ച്വറി നേടി. എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വളരെ വിശേഷപ്പെട്ട ഒരു നിമിഷമായിരുന്നു, തുടർന്ന് വൈകീട്ട് അദ്ദേഹം എന്നെ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. അതിനേക്കാൾ മികച്ചതായി ഒന്നുമില്ല’ -കോഹ്ലി പറഞ്ഞു.

2016ലെ ആ ഇരട്ട സെഞ്ച്വറിക്കുശേഷം കരീബിയൻ മണ്ണിൽ താരത്തിന്‍റെ ബാറ്റിൽനിന്ന് മികച്ച ഇന്നിങ്സുകൾ പിറന്നിട്ടില്ല. വെസ്റ്റിൻഡീസിൽ ഒമ്പത് ടെസ്റ്റുകളിൽനിന്ന് 35 ശരാശരിയിൽ 463 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അതുകൊണ്ടു തന്നെ ഈ രണ്ടു ടെസ്റ്റുകൾ താരത്തിന്‍റെ കരിയറിൽ നിർണായകമാണ്.

Tags:    
News Summary - Virat Kohli recalls his favourite memory in West Indies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.