‘സ്പിന്നർമാരെ നേരിടുമ്പോൾ വിരാട് കോഹ്ലി ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുന്നത് നന്നാകും’; ഉപദേശവുമായി മുൻ ഓൾ റൗണ്ടർ

ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഏത് മത്സരവും ആരാധകർക്ക് വലിയ ആവേശമാണ്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈമാസം ഒമ്പതിന് നാഗ്പുരിൽ ആരംഭിക്കും. ഏകദിന ക്രിക്കറ്റിൽ ഫോം തിരിച്ചുപിടിച്ച സൂപ്പർതാരം വിരാട് കോഹ്ലി, ടെസ്റ്റിലും മിന്നും പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ആസ്ട്രേലിയക്കെതിരെ ഇതുവരെ 20 ടെസ്റ്റുകളിൽനിന്ന് 1682 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 48.05 ആണ് ശരാശരി. ഇതിൽ ഏഴു സെഞ്ച്വറികളും ഉൾപ്പെടും. എന്നാൽ, കോഹ്ലിക്ക് ചില ഉപദേശങ്ങൾ നൽകുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. സ്റ്റാർ സ്പോർട്സ് ചാനലിൽ ബോർഡർ-ഗവാസ്‌കർ ടെസ്റ്റ് പരമ്പരയെ താരം എങ്ങനെ സമീപിക്കണം, ഏതൊക്കെ മേഖലകളിൽ മെച്ചപ്പെടണം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പത്താൻ.

ഓസീസ് സ്പിന്നർമാരായ നഥാൻ ലിയോണിന്റെയും ആഷ്ടൺ ആഗറിന്റെയും പന്തുകളെ എങ്ങനെ നേരിടും എന്നതാണ് കോഹ്ലി മനസ്സിൽ സൂക്ഷിക്കേണ്ട പ്രധാനകാര്യം. കാരണം, സ്പിന്നർമാർക്കെതിരെ താരത്തിന്‍റെ പ്രകടനം അത്ര മികച്ചതല്ല. കുറച്ചുകൂടി ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കുകയാണ് താരം ചെയ്യേണ്ടത്, കാരണം താരത്തിന്‍റെ സ്പിന്നർമാർക്കെതിരായ സ്ട്രൈക്ക് നിരക്ക് കുറവാണ് -ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.

നമ്മളിവിടെ ടെസ്റ്റിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം. പക്ഷേ, അദ്ദേഹം സ്പിന്നർമാർക്കെതിരെ കുറച്ചുകൂടി ആക്രമണോത്സുക ബാറ്റിങ് പുറത്തെടുക്കണം. നഥാൻ ലിയോണിനെ പോലെ സ്പിന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ നേരിടുമ്പോൾ കോഹ്ലിക്ക് അത് ഗുണകരമാകുമെന്നും ഇർഫാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Virat Kohli "Struggling Against Spin", Says Ex India Star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.