ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യയുടെ ഏകദിന, ട്വന്‍റി20 ടീമുകളുടെ നായക സ്ഥാനം ഒഴിയുമെന്ന റിപ്പോർട്ടുകൾ തള്ളി ബി.സി.സി.ഐ ഒഫീഷ്യൽ. ഈ വിഷയത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ബി.സി.സി.ഐ ടോപ് ഒഫീഷ്യൽ അരുൺ ധുമൽ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു. കോഹ്ലി തന്നെയാകും ക്യാപ്റ്റനെന്ന് ധുമൽ ഉറപ്പിച്ചു പറഞ്ഞു.
ബാറ്റിങ്ങിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോഹലി നായക സ്ഥാനം ഒഴിയുമെന്ന് ബി.സി.സിയുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ 32കാരനായ കോഹ്ലിയാണ് മൂന്ന് ഫോർമാറ്റിലും ടീം ഇന്ത്യയെ നയിക്കുന്നത്. ഏറെ നാളായി കോഹ്ലി ഇതുസംബന്ധിച്ച് ബി.സി.സി.ഐയുമായും രോഹിത്തുമായും ചർച്ച ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. 2014ൽ ആസ്ട്രേലിയയിൽ വെച്ച് ധോണി ടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞതോടെയാണ് കോഹ്ലി നായക സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. 2017ലാണ് മൂന്ന് ഫോർമാറ്റിലെയും നായകനായത്.
65 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 38 മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോഹ്ലിക്ക് കീഴിൽ കളിച്ച 95 ഏകദിനങ്ങളിൽ 65ലും ഇന്ത്യ വെന്നിക്കൊടി പാറിച്ചു. 45 ട്വന്‍റി20കളിൽ 29ലും ഇന്ത്യക്കായിരുന്നു ജയം.
രണ്ട് ലോകകപ്പുകൾ മുന്നിലുള്ളതിനാൽ ബാറ്റിങ്ങിൽ കൂടുതൽ മികവിലേക്കുയരണമെന്നാണ് കോഹ്ലിയുടെ ചിന്ത. 2022ൽ ട്വന്‍റി20 ലോകകപ്പും 2023ല ഏകദിന ലോകകപ്പുമാണ് ലക്ഷ്യം. ടീമിലെ ഏറ്റവും മുതിർന്ന താരങ്ങളിൽ ഒരാളായ രോഹിത് ശർമയും മികച്ച ഫോമിലാണ്.
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ തുടർച്ചയായി കിരീട ജേതാക്കളാക്കുന്ന രോഹിതിന്‍റെ ക്യാപ്റ്റൻസി മികവ് ഐ.പി.എല്ലിലൂടെ തെളിയിക്കപ്പെട്ടതാണ്. കോഹ്ലിയുടെ അഭാവത്തിൽ 10 ഏകദിനങ്ങളിൽ രോഹിത്തിന്‍റെ കീഴിൽ ഇറങ്ങിയ ഇന്ത്യ എട്ടെണ്ണത്തിലും വിജയിച്ചു. 19 ട്വന്‍റി20കളിൽ 15ലും വിജയിച്ച ഇന്ത്യ നാലെണ്ണത്തിൽ മാത്രമാണ് തോറ്റത്. ഐ.പി.എല്ലിൽ 123 മത്സരങ്ങൾ നയിച്ച രോഹിത്ത് 74 മത്സരങ്ങളിൽ വിജയിച്ചു. അഞ്ചു കിരീടങ്ങളാണ് രോഹിത് മുംബൈ ഇന്ത്യൻസിന്‍റെ അലമാരയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.