മാതാവ് പൂർണ ആരോഗ്യവതിയാണ്...; അഭ്യൂഹങ്ങൾ തള്ളി കോഹ്ലിയുടെ സഹോദരൻ

മുംബൈ: ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയുടെ മാതാവിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി സഹോദരൻ. വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ കോഹ്ലി കളിക്കുന്നില്ല.

ബാക്കിയുള്ള ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തുമോ എന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. താരം ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണം അന്വേഷിക്കുകയായിരുന്നു ആരാധകർ. താരം ടീമിൽനിന്ന് വിട്ടുനിൽക്കാനുള്ള കാരണം ഇതുവരെ മാനേജ്മെന്‍റും വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണ് താരത്തിന്‍റെ മാതാവ് സരോജ് കോഹ്ലിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിൽ അഭ്യുഹങ്ങൾ പുറത്തുവന്നത്.

എന്നാൽ, മാതാവിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ കോഹ്ലിയുടെ സഹോദരൻ വികാസ് കോഹ്ലി രൂക്ഷമായാണ് പ്രതികരിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സഹോദരന്‍റെ പ്രതികരണം. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് വികാസ് എല്ലാവരോടും അഭ്യർഥിച്ചു. ‘മാതാവിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട വ്യാജ വാർത്ത പ്രചരിക്കുന്നത് എന്‍റെ ശ്രദ്ധയിൽപെട്ടു. ഞങ്ങളുടെ മാതാവ് പൂർണ ആരോഗ്യവതിയാണ്. അടിസ്ഥാനമില്ലാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിങ്ങളോട് അഭ്യർഥിക്കുന്നു’ -വികാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഫെബ്രുവരി 15ന് രാജ്കോട്ടിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 190 റൺസിന്‍റെ ലീഡ് നേടിയശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. നേരത്തെ, രോഹിത് ശർമക്കു പകരം സൂപ്പർ ബാറ്റർ കോഹ്ലിയാണ് ഇന്ത്യയെ നയിച്ചിരുന്നതെങ്കിൽ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുമായിരുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ അഭിപ്രായപ്പെട്ടിരുന്നു. ജയത്തോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി.

Tags:    
News Summary - Virat Kohli's Brother Rubbishes Rumours Of Their Mother's Poor Health Condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.