ഹെയർ സ്റ്റൈലിൽ ഞെട്ടിച്ച് കോഹ്ലി; ഏറ്റെടുത്ത് ആരാധകർ

ബംഗളൂരു: രണ്ടു മാസത്തെ ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുകയാണ് സൂപ്പർ താരം വിരാട് കോഹ്ലി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനൊപ്പം ചേർന്ന താരം ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരം ഇന്ത്യൻ ടീമിൽനിന്ന് അവധിയെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. കിടിലൻ മേക് ഓവറിലൂടെയാണ് താരത്തിന്‍റെ മടങ്ങിവരവ്. താരത്തിന്‍റെ പുതിയ ഹെയർ സ്‌റ്റൈലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ബോക്‌സ് കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. മനോഹരമായി സെറ്റ് ചെയ്ത താടിക്കൊപ്പം പുരികത്തിലെ ക്രോസ് വെട്ടും ഹൈലൈറ്റാണ്. ഇതിന് ബർഗണ്ടി നിറത്തിലുള്ള കളറും നൽകിയിട്ടുണ്ട്.

ബോളിവുഡിലെ സൂപ്പർ ഹെയർ സ്റ്റൈലിസ്റ്റായ ആലിം ഹക്കീമാണ് താരത്തിന് പുതിയ ലുക്ക് നൽകിയത്. ആലിം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ കോഹ്ലിയുടെ പുതിയ ഹെയർ സ്റ്റൈലിലുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ഇതിനു താഴെ കമന്‍റുമായി രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളെപോലെയെന്നാണ് ഒരു കമന്റ്. ഇതുവരെയുള്ള ഏറ്റവും മികച്ച ലുക്ക് എന്ന കമന്റുകളും ആരാധകർ പങ്കുവെക്കുന്നുണ്ട്.

ജനുവരിയിൽ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്ത്യക്കായി ട്വന്റി20 കളിച്ചത്. ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽനിന്ന് താരത്തെ ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഐ.പി.എല്ലിലെ പ്രകടനം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.

Tags:    
News Summary - Virat Kohli's new hairdo ahead of IPL sets social media abuz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.