ന്യൂഡൽഹി: നിറഞ്ഞ കൈയടികൾക്കുനടുവിലാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് അർജുന പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ പുരസ്കാര നേട്ടം തനിക്ക് സ്വപ്നസാക്ഷാത്കാരമാണെന്നാണ് ഷമി പ്രതികരിച്ചത്. ഏകദിന ലോകകപ്പിലെ അദ്ഭുതപ്രകടനമാണ് താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
ഏഴു മത്സരങ്ങളിൽനിന്നായി 24 വിക്കറ്റുകൾ നേടി ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരനിൽ ഒന്നാമനായിരുന്നു ഷമി. കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് താരം ഇപ്പോൾ വിശ്രമത്തിലാണ്. ‘‘ഈ പുരസ്കാരം ഒരു സ്വപ്നമാണ്. എന്നെ നാമനിർദേശം ചെയ്‌തതിൽ ഞാൻ സന്തോഷവാനാണ്. ഈ നിമിഷത്തെക്കുറിച്ച് വിശദീകരിക്കൽ വളരെ പ്രയാസകരമാണ്. സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു എന്നാണ് ഇപ്പോൾ എനിക്കു പറയാൻ കഴിയുക’’ -പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഷമി വാർത്ത ഏജൻസിയോട് പറഞ്ഞു.
ഷമിയും പാരാ അമ്പെയ്ത്ത് താരം ശീതൾ ദേവിയുമാണ് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ ഏറ്റവുമധികം കൈയടി നേടിയത്. പുരസ്കാരത്തിന് തന്നെ പരിഗണിച്ചതിനും പിന്തുണച്ചവർക്കും നന്ദി പറഞ്ഞ് ഷമി സമൂഹമാധ്യമങ്ങളിൽ കുറിപ്പിടുകയും ചെയ്തിരുന്നു. രാഷ്ട്രപതിയിൽനിന്ന് അർജുന അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു താഴെയാണ് താരത്തെ അഭിനന്ദിച്ച് സൂപ്പർ ബാറ്റർ വിരാട് കോഹ്ലി പോസ്റ്റിട്ടത്. ‘മുബാറക് ഹൊ (അഭിനന്ദനങ്ങൾ) ലാലാ...’ എന്നായിരുന്നു താരത്തിന്‍റെ കമന്‍റ്.
മുൻ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ഷമിയെ അഭിനന്ദിച്ച് രംഗത്തെത്തി. അഭിനന്ദനങ്ങൾ സഹോദര എന്നായിരുന്നു പത്താന്‍റെ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.