ദുബൈ: വിസ നടപടികൾ വൈകിയതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽനിന്ന് ഇംഗ്ലീഷ് സ്പിന്നർ ശുഹൈബ് ബഷീർ പുറത്ത്. യു.എ.ഇയിൽ ഇംഗ്ലീഷ് ടീമിനൊപ്പം പരിശീലനത്തിലായിരുന്ന ബഷീർ വിസ ലഭിക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങി. താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തിരിച്ചടിയായതെന്നാണ് അറിയുന്നത്. നേരത്തെ ഓസീസ് ഓപണർ ഉസ്മാൻ ഖ്വാജയും ഇംഗ്ലണ്ട് എ ടീം അംഗം സാഖിബ് മഹ്മൂദും സമാന പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു. വ്യാഴാഴ്ച ഹൈദരാബാദിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം.
ഇംഗ്ലണ്ടിനായി ടെസ്റ്റിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് ശുഐബ് ബഷീറിന് അപ്രതീക്ഷിത തിരിച്ചടി. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ യുവതാരത്തിന്റെ സാന്നിധ്യം കരുത്തുപകരുമെന്ന പ്രതീക്ഷയിലായിരുന്നു സന്ദർശകർ. കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 20കാരൻ ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിലെത്തുന്നത്.
വിസ പ്രശ്‌നത്തിൽ താരത്തിന് ഇന്ത്യയിലെത്താനാവാത്തതിൽ രൂക്ഷ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് രംഗത്തെത്തി. ഒരു താരത്തിന് സ്പോർട്സുമായി ബന്ധപ്പെട്ടതല്ലാത്ത കാരണത്താൽ കളിക്കാനാവാത്തത് നിരാശയുണ്ടാക്കുന്നതാണ്. ഇത്തരം പ്രശന്ങ്ങൾ ആദ്യമായല്ല ഉണ്ടാകുന്നത്. ഇതിന് മുമ്പും നിരവധി കളിക്കാർ ഇത്തരത്തിൽ വിസ കുരുക്കിൽ പെട്ടിരുന്നു. ഡിസംബർ അവസാനവാരം ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും വിസ നടപടികൾ പൂർത്തിയാകാത്തത് ദൗർഭാഗ്യകരമാണെന്നും സ്റ്റോക്സ് പറഞ്ഞു.
ശുഐബ് ബഷീറിന്റെ മടക്കം നിർഭാഗ്യകരമാണെന്നും ഞാൻ വിസ ഓഫിസിൽ അല്ലാത്തതിനാൽ കൂടുതൽ വിശദാംശങ്ങൾ നൽകാനാവില്ലെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രതികരിച്ചു. അവനത് ഉടൻ ലഭിക്കുകയും നമ്മുടെ രാജ്യം ആസ്വദിക്കാനാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും രോഹിത് മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.