ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാംദിനത്തിൽ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയുടെ പുറത്താകൽ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. മത്സരത്തിന്റെ നിർണായക സമയത്തായിരുന്നു ആരാധകരെ ഞെട്ടിച്ച് താരം പുറത്താകുന്നത്.
ആദ്യ മത്സരം കളിക്കുന്ന മാത്യു കുനേമന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയാണ് കോഹ്ലി പുറത്തായത്. 84 പന്തുകൾ നേരിട്ട താരം നാലു ഫോറുകളടക്കം 44 റൺസെടുത്തു. ഇന്ത്യൻ ഇന്നിങ്സിന്‍റെ 50ാം ഓവറിലാണ് സംഭവം. കുനേമന്റെ പന്ത് ഫ്രണ്ട് ഫുട്ടിൽ ഡിഫെൻഡ് ചെയ്യുന്നതിനിടെ പന്ത് ബാറ്റിലും പാഡിലും തട്ടി. പിന്നാലെ ഓസീസ് താരങ്ങൾ ഔട്ടിനായി അപ്പീൽ ചെയ്തു.
അമ്പയർ നിതിൻ മേനോൻ ഔട്ട് നൽകി. എന്നാൽ, കോഹ്ലി റിവ്യൂ നൽകാൻ തീരുമാനിച്ചു. പന്ത് പാഡിൽ കൊണ്ട അതേസമയത്ത് തന്നെയാണ് ബാറ്റിൽ കൊണ്ടത് എന്ന് റിവ്യൂവിൽ വ്യക്തമായി. എന്നാൽ ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണു തേർഡ് അമ്പയർ ചെയ്തത്. പിന്നാലെ ഡ്രസിങ് റൂമിലെത്തിയ കോഹ്ലി, സഹതാരങ്ങൾക്കും പരിശീലകർക്കുമൊപ്പം ഔട്ടായതിന്റെ ദൃശ്യങ്ങൾ നോക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.
എന്നാൽ, അത് ഔട്ട് തന്നെയാണെന്നാണ് മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കർ പറയുന്നത്. ‘മുൻ കാലിന്റെ ഉള്ളിൽ തട്ടിയതിനാൽ അത് ഔട്ട് തന്നെയായിരുന്നു. പന്ത് ഓഫ് സ്റ്റമ്പിന് നേരേ തിരിഞ്ഞിരുന്നെങ്കിൽ പോലും അത് ലെഗ് സ്റ്റമ്പിൽ പതിക്കുമായിരുന്നു. ഇടത് കാലിന്റെ പുറം ഭാഗത്ത് അത് തട്ടിയിരുന്നെങ്കിൽ, അത് ലെഗ്-സ്റ്റമ്പിൽ പതിക്കുമായിരുന്നു. അമ്പയറുടെ തീരുമാനം തന്നെയാണ് എന്‍റെ കാഴ്ചപ്പാടിൽ ശരി’ -ഗവാസ്കർ സ്റ്റാർ സ്പോർട്സിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.